അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി ബിജെപി സഖ്യകക്ഷി നേതാവായ മണിപ്പുരില്‍ നിന്നുള്ള എം.പി ലോര്‍ഹൊ ഫോസെ. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. കലാപം നിയന്ത്രിക്കുന്നതില്‍ മണിപ്പുര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇടപെടലും പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ അടക്കം മണിപ്പുരില്‍ വന്നിട്ടും ബി.ജെ.പി നേതാക്കള്‍ വരാതിരുന്നത് ദുഃഖകരമാണെന്നും ഫോസെ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നേരിട്ടെത്തി നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കില്‍ മണിപ്പൂര്‍ ജനതയുടെ ഹൃദയത്തിലേറ്റ മുറിവിന് ആശ്വാസമാകുമായിരുന്നു. പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച നടത്തണമായിരുന്നുവെന്നും മറ്റ് സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങള്‍ മണിപ്പൂര്‍ കലാപവുമായി കൂട്ടിക്കുഴച്ചത് ശരിയായില്ലെന്നും ഫോസെ തുറന്നടിച്ചു. നാഗ പീപ്പിള്‍സ് ഫ്രണ്ട് നേതാവും ഔട്ടര്‍ മണിപ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗവുമാണ് ലോര്‍ഹൊ ഹോസെ.