X

സെൻ നദിയൊഴുകും, ലോക മനസുകളിലൂടെ

ലോകം ഇത് വരെ കാണാത്ത കാഴ്ച്ചകൾക്കാവും പാരിസ് മഹാനഗരത്തിലൂടെ ഒഴുകുന്ന സെൻ നദിക്കര ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക. മുപ്പത്തിമൂന്നാമത് ഒളിംപിക്സ് മഹാമാമാങ്കത്തിന് ഇന്ന് തുടക്കമാവുന്നത് കരയിലല്ല, സ്റ്റേഡിയത്തിലുമല്ല-നദിയിലാണ്….!! ഇന്ത്യൻ സമയം രാത്രി 11.30 മുതൽ മൂന്നര മണിക്കൂർ ദീർഘിക്കും അൽഭുത പാരീസ്. പാരീസ് നഗരമെന്നാൽ അത് സെൻ നദിയാണ്. കളകളാരവം മുഴക്കി ഒഴുകുന്ന സെൻ നദിക്ക് ചുറ്റുമാണ് നഗരം.

എട്ട് വർഷം മുമ്പ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പാരീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ സംഘാടകരും പാരീസ് നഗരസഭയും തീരുമാനിച്ചതാണ് കര വിട്ട് വെള്ളത്തിലൊരു ഉദ്ഘാടനചടങ്ങ്. സാഹസികമായിരുന്നു അത്തരത്തിലൊരു തീരുമാനം. മാലിന്യമുക്തമല്ലാത്ത സെന്നിൽ ലോക കായിക താരങ്ങളെ അണിനിരത്തുമ്പോൾ അത് വിമർശിക്കപ്പെട്ടേക്കാം എന്ന സത്യം മുൻനിർത്തി നദി മാലിന്യമുക്തമാക്കി-പാരീസ് മേയർ തന്നെ നീന്താനിറങ്ങി. ഇന്ന് 206 രാജ്യങ്ങളിലെ കായിക താരങ്ങൾ അത്രയും ബോട്ടുകളിലായാണ് മാർച്ച് പാസ്റ്റിൽ അണിനിരക്കുക. സാധാരണ ഗതിയിൽ അക്ഷരമാലാക്രമത്തിൽ സ്റ്റേഡിയത്തിലേക്ക് ദേശിയ പതാകകളുമായാണ് താരങ്ങൾ വരാറെങ്കിൽ ഇന്ന് ബോട്ടുകളിലാണ് താരങ്ങളുടെ വരവ്.

ഓസ്ട്രിലസ് പാലത്തിന് അരികിൽ നിന്ന് ഈഫൽ ടവർ കടന്നാവും താരങ്ങൾ അണിനിരക്കുക. ആറ് കിലോമീറ്റർ നീളത്തിൽ ട്രോസാഡിറോ വരെ ദീർഘിക്കും ചടങ്ങുകൾ. ഫ്രഞ്ചുകാർക്ക് ഏറെ പ്രിയപ്പെട്ട ഗായകരായ സെലിന്നാ ദിയോൺ,ലേഡി ഗാഗ,അയ നകമുറ എന്നിവരുടെ ഗാനവിരുന്നാണ് ഉദ്ഘാടനചടങ്ങിലെ പ്രധാന ആകർഷണം. ദീപശിഖയുമായി വരുക സ്നുപ് ഡോഗ, സൽമ ഹയാക് എന്നിവരായിരിക്കും.ഉദ്ഘാടന ചടങ്ങുകളുടെ ടിക്കറ്റിന് വൻഡിമാൻഡാണ്. 90 യൂറോയിൽ തുടങ്ങി ഇപ്പോൾ 2,700 യൂറോ വരെയായിരിക്കുന്നു ടിക്കറ്റ് വില. മൂന്ന് ദിവസം മുമ്പ് വരെ 4000 ത്തോളം ടിക്കറ്റുകൾ വിൽപ്പനക്കുണ്ടായിരുന്നു. ഇപ്പോൾ ഒന്ന് പോലും ബാക്കിയില്ല.

webdesk14: