വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മുംബൈയിലെ സ്വകാര്യ കോളജ് സര്‍ക്കുലര്‍ ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രിംകോടതി. എന്തു ധരിക്കണമെന്ന ഇഷ്ടം വിദ്യാര്‍ഥികളുടേതാണ് എന്നും അതടിച്ചേല്‍പ്പിക്കരുത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി.
പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ വിലക്കേര്‍പ്പെടുത്തുമോ എന്ന് ചോദിച്ച കോടതി ബുര്‍ഖയും ഹിജാബും ദുരുപയോഗിക്കരുതെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ദുരുപയോഗം ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും ബഞ്ച് വ്യക്തമാക്കി. ക്ലാസ് മുറിക്കകത്ത് ബുര്‍ഖ (ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം) ധരിക്കരുതെന്നും ക്യാംപസിന് അകത്ത് മതപരിപാടികള്‍ നടത്തരുതെന്നും കോടതി ഉത്തരവിട്ടു.
ചെമ്പൂര്‍ ട്രോംബി എജുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലുള്ള ആചാര്യ മറാത്താ കോളജിലാണ് ഹിജാബ് നിരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഇതിനെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.
ഡ്രസ് കോഡ് വിദ്യാര്‍ഥികളുടെ മൗലികാവകാശമായി കാണാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി കോളജ് തീരുമാനം ശരിവച്ചിരുന്നത്. ഡ്രസ് കോഡ് അച്ചടക്കത്തിന്റെ ഭാഗമാണ് എന്നും അതിനുള്ള അധികാരം കോളജ് മാനേജ്മെന്റിന് ഉണ്ടെന്നും രണ്ടംഗ ഹൈക്കോടതി ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോളജ് സര്‍ക്കുലറിനെതിരെ 9 വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്.