സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കല്ലിടലിൽ വൻ ആശയക്കുഴപ്പം.കല്ലിടുന്നത് ആരുടെ തീരുമാനപ്രകാരം ആണെന്നുള്ള കാര്യത്തിൽ റവന്യൂ വകുപ്പും കെ റെയിൽ കമ്പനിയും തമ്മിലുള്ള ഭിന്നത പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
കല്ല് ഇടുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കല്ല് ഇടാൻ വകുപ്പ് നിർദേശിച്ചിട്ടില്ല. കല്ലിടാൻ നിർദ്ദേശിച്ചത് റവന്യൂവകുപ്പ് എന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ ആഘാത പഠനത്തിന് വേണ്ടിയാണ് കല്ല് ഇടുന്നത്. സാമൂഹ്യ ആഘാത പഠനം എതിരായാൽ കല്ലുകൾ എടുത്തുമാറ്റും മന്ത്രി പറഞ്ഞു.
നേരത്തെ കല്ലിടൽ റവന്യൂവകുപ്പിന്റെ നടപടിക്രമം എന്നായിരുന്നു കെ റെയിൽ അധികൃതരുടെ വിശദീകരണം. ഇതോടെ പദ്ധതിയുടെ പിന്നിൽ നിൽക്കുന്ന നീണ്ട ആശയക്കുഴപ്പങ്ങളാണ് മറനീക്കി പുറത്തുവരുന്നത്.