ഭൂപരിധി നിയമം ലംഘിച്ച് 200 ഏക്കര്‍ ഭൂമി കൈവശം വെച്ച പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ രേഖകളുമായി എത്താന്‍ നോട്ടീസ് നല്‍കിയിട്ടും എംഎല്‍എ ഹാജരായിരുന്നില്ല. 2017 ലാണ് പിവി അന്‍വറിനും കുടുംബവും ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തിയെന്ന പരാതി ലാന്‍ഡ് ബോര്‍ഡിന് ലഭിച്ചത്. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജിയുടെ പരാതി പരിഗണിച്ച ലാന്‍ഡ് ബോര്‍ഡ് നടപടിയെടുക്കാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടാക്കാത്തതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആറ് മാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന കോടതി ഉത്തരവും നടപ്പായിരുന്നില്ല. ഇതേ തുടര്‍ന്ന് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ പി അന്‍വര്‍ സാദത്ത്, താമരശേരി താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ കെ ബലരാജന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് വന്നു. ജനുവരി നാലിന് തുടര്‍നടപടികള്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തിലാണ് രേഖകളുമായി കോഴിക്കോട് കലക്ടറേറ്റില്‍ ഹാജരാകാന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടത്. എന്നാല്‍ എംഎല്‍എ ഹാജരായില്ല. മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി.അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി വ്യക്തമാക്കിയിരുന്നു.