കൊച്ചി: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച വില്ലേജ് ഓഫിസറുടെ നടപടി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ഹര്‍ജിക്കാരിക്ക് രണ്ടാഴ്ചക്കുള്ളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു വില്ലേജ് ഓഫിസര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്.
ഇതു സംബന്ധിച്ച് മുന്‍ കാലങ്ങളില്‍ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികളുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പെട്ട ഹര്‍ജിക്കാരി 2005ലാണ് സിറോ മലബാര്‍ സഭയില്‍പെട്ടയാളെ വിവാഹം കഴിച്ചത്.