രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. പിന്തുടര്‍ന്നു, പീഡിപ്പിച്ചു, പെന്‍ഷന്‍ നിഷേധിച്ചു. റിട്ടയര്‍ ചെയ്ത കേരള ഐ.പി.എസ് ഓഫീസര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി എന്നായിരുന്നു ആവാര്‍ത്തയുടെ തലക്കെട്ട്. ആ വാര്‍ത്ത ആരംഭിച്ചത് ഇങ്ങനെ: ഏപ്രില്‍ 30 ന് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അയാളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി ഒരു അജ്ഞാത സ്ഥലത്ത് സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുന്നു. അയാളെ നാലര വര്‍ഷക്കാലം സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു, റിട്ടയര്‍മെന്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ഒരു അയല്‍ സംസ്ഥാനത്ത് പോയി ജീവിക്കാന്‍ നിര്‍ബന്ധിതനാക്കി. കാരണം: ഫസല്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ ഭരണ പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കാന്‍ തയാറായില്ല. ഫിഫ്ത് ബറ്റാലിയന്‍ കമാന്ററായി റിട്ടയര്‍ ചെയ്ത കെ. രാധാകൃഷ്ണന്‍ ഐ.പി.എസ് എന്ന ഉദ്യോഗസ്ഥന്‍ തങ്ങളോട് ഇപ്രകാരം പറഞ്ഞതായി ആവാര്‍ത്തയില്‍ ആ ഇംഗ്ലീഷ് മാധ്യമംപറഞ്ഞു. അവര്‍ എന്നെ എപ്പോള്‍ വെണമെങ്കിലും കൊലപ്പെടുത്തും. എന്റെ വിധി അംഗീകരിക്കാന്‍ ഞാന്‍ തയാറാണ്. അതിനു മുമ്പ് എന്റെ കുടുംബത്തിന്റെ സുരക്ഷ എനിക്ക് ഉറപ്പുവരുത്തണം. നവംബര്‍ 24നാണ് ഇംഗ്ലീഷ് മാധ്യമം ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്.
നവംബര്‍ 26ന് ഇതേ മാധ്യമം ഇതേ വിഷയത്തില്‍ മറ്റൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആ വാര്‍ത്തയില്‍ കെ. രാധാകൃഷ്ണനെ ഉദ്ധരിച്ച് ഇപ്രകാരം പറഞ്ഞു. എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ആഗസത് 18ന് മുഖ്യമന്ത്രി പിണറായി വിജയനെ, അദ്ദേഹത്തിന്റെ മുറിയില്‍ വെച്ചുകണ്ടിരുന്നു. സര്‍ക്കാര്‍ എന്റെ ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍, എന്റെ വരുമാനം മുഴുവന്‍ പറ്റിപ്പോയിരിക്കുന്നു. അതിനാല്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴികളൊന്നുമില്ല. അദ്ദേഹത്തിന്റെ മറുപടി എന്നാല്‍ അങ്ങനെ ആവട്ടെ എന്നായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. കഠിന ഹൃദയവുമായാണ് ഞാന്‍ മുഖ്യമന്ത്രിയുടെ മുറിയില്‍നിന്ന് പുറത്തേക്കുവന്നത്. എന്റെ കവിളുകളിലൂടെ കണ്ണീരൊഴുകി. തലകറക്കം അനുഭവപ്പെട്ടതിനാല്‍ മുറിക്ക് പുറത്തുള്ള ഒരു കസേരയിലേക്ക് ഞാന്‍ വീണു. സ്വാഭാവികമായും അതു വലിയ വാര്‍ത്തയായി. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വലിയ വൈറലായി. കേരളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം നവംബര്‍ 27ന് രാധാകൃഷ്ണന്‍ എന്ന പൊലീസ് ഓഫീസറുടെ സാമ്പത്തിക പരാധീനതകള്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു വീഡിയോ ചെയ്യുകയുണ്ടായി. അത്യഭൂതപൂര്‍വമായിരുന്നു ജനങ്ങളുടെ പ്രതികരണം. ആദ്യ 24 മണിക്കൂറിനുള്ളില്‍ രാധാകൃഷ്ണന്റെ മകളുടെ അക്കൗണ്ടില്‍ വന്നത് 19 ലക്ഷം രൂപ. അടുത്ത 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജനങ്ങള്‍ നല്‍കിയ സംഭാവന 58 ലക്ഷം രൂപയായി വര്‍ധിച്ചു. അതായത് 48 മണിക്കൂര്‍ കൊണ്ട് കേരള മുഖ്യമന്ത്രി ആത്മഹത്യ ചെയ്‌തോളൂ എന്ന മനസാക്ഷിയില്ലാതെ പറഞ്ഞ കെ. രാധാകൃഷ്ണന്‍ എന്ന ആദര്‍ശ ധീരനായ പൊലീസ് ഉദ്യോഗസ്ഥന് ജനം നല്‍കിയത് എത്രയെന്നോ? 58 ലക്ഷം രൂപ.
ഇനി ആരാണ് ഈ കെ. രാധാകൃഷ്ണന്‍ എന്നു നോക്കാം. 2006 ഒക്‌ടോബര്‍ 22ന് ഒരു അക്രമി സംഘം സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് എന്‍.ഡി.എഫില്‍ ചേര്‍ന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ സമയത്ത് കണ്ണൂര്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ഡിവൈ.എസ്.പിയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഡി.ഐ.ജിയായിരുന്ന അനന്തകൃഷ്ണന്‍ ഇദ്ദേഹത്തെ ഫസല്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുകയുണ്ടായി. ഒപ്പം ഒരു 20 അംഗ സംഘത്തേയും ഫസല്‍ വധം അന്വേഷിക്കാനായി നിയോഗിച്ചു. കാര്യക്ഷമമായി കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്തനായിരുന്നു രാധാകൃഷ്ണന്‍. ഫസല്‍ വധം നടന്നതിന്റെ തൊട്ടുപിറ്റേന്നു തന്നെ ഫസലിനെ വധിച്ചത് നാലു ആര്‍.എസ്.എസുകാരാണെന്ന് ഏരിയാ സെക്രട്ടറി കാരായി രാജന്‍ ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. പിറ്റേന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രാധാകൃഷ്ണനെ നേരിട്ട് വിളിച്ച് ഈ ആര്‍.എസ്.എസുകാരെ പ്രതിചേര്‍ത്ത് കുറ്റപുത്രം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ കുറ്റക്കാരല്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് രാധാകൃഷ്ണന്‍ ഇവരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. മറുഭാഗത്ത് ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ പങ്ക് രാധാകൃഷ്ണന്റെ അന്വേഷണത്തിലൂടെ വ്യക്തമായി. തുടര്‍ന്ന് കൊടിയേരി ബാലകൃഷ്ണന്‍ രാധാകൃഷ്ണനെ വിളിച്ചുവരുത്തി ഫസല്‍ വധത്തിന്റെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കേസ് സംബന്ധമായി രാധാകൃഷ്ണന്‍ അന്വേഷിച്ചതും അന്വേഷണം സി.പി.എം നേതാക്കളിലേക്ക് കേന്ദ്രീകരിച്ചതും സി.പി.എമ്മിനെ തെല്ലൊന്നുമല്ല ക്രുദ്ധരാക്കിയത്.
ഈ പശ്ചാത്തലത്തിലാണ് 2006 ഡിസംബര്‍ 16ന് സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ വന്നൊരു വാര്‍ത്ത പ്രസക്തമാകുന്നത്. ആ വാര്‍ത്തയുടെ തലവാചകം ഇങ്ങനെയായിരുന്നു: ഡിവൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍, അനാശ്യാസ കേന്ദ്രം പ്രവര്‍ത്തിച്ചത് ആധുനിക സൗകര്യങ്ങളോടെ. ആ വാര്‍ത്ത ഇങ്ങനെ പറഞ്ഞു. തളിപ്പറമ്പ് ഡിവൈ. എസ്.പി ഉള്‍പ്പെട്ട സംഘം പിടിയിലായ കൂവോട്ടെ അനാശ്യാസ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍, വാര്‍ത്ത ഇപ്രകാരം തുടര്‍ന്നു: രാജേഷ് വാടകക്കെടുത്ത ഇരുനില ബംഗ്ലാവിലാണ് അനാശ്യാസം അരങ്ങേറിയത്. വിവിധ ആഢംബരകാറുകളിലും മറ്റും പതിവായി സ്ത്രീകളും പുരുഷന്‍മാരും വരികയും പോവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ നിരീക്ഷണത്തിലാണ് സംഘം വലയിലായത്. ഹര്‍ത്താലായതിനാല്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ ചുമതല രാധാകൃഷണനായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ട്രെയിനിലെത്തിയ അമ്മിണിയെ റയില്‍വേസ്റ്റേഷനില്‍ നിന്ന് രാധാകൃഷ്ണനാണ് ഔദ്യോഗിക വാഹനത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒന്നിലേറെ തവണ ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വീടുവളഞ്ഞത്. ഡിവൈ. എസ്.പിയുടെ സംഘം നാട്ടുകാരെ അക്രമിക്കാന്‍ മുതിരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാധാകൃഷ്ണന്‍ എന്ന ഡിവൈ.എസ്.പിയെ സി.പി.എം ഗുണ്ടകളുടെ നേതൃത്വത്തില്‍ വളഞ്ഞിട്ട് തല്ലിച്ചതച്ച് കൊല്ലാറാക്കിയതിനും ശേഷം അയാളെ അനാശ്യാസ കേസില്‍ കുരുക്കിയതും സി.പി.എം മുഖപത്രം വിശദീകരിച്ചത് മേല്‍പറഞ്ഞ രീതിയിലാണ്. ഫസല്‍ വധക്കേസില്‍ സി.പി.എം കാരുടെ പങ്കു പുറത്തുകൊണ്ടു വന്നതിന് പാര്‍ട്ടി രാധാതകൃഷ്ണന് നല്‍കിയ സമ്മാനമായിരുന്നു ഈ ക്രൂര ആക്രമണം.
തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കെ. രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ കേസില്‍ 2008 ഏപ്രില്‍ 11ന് ജഡ്ജി വി. രാംകുമാര്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സി.പി.എമ്മിന്റെ മുഖത്തേറ്റ അടിയാണ്. വിധിന്യായത്തിലെ 12 ാം ഖണ്ഡികയില്‍ ജഡ്ജി ഇപ്രകാരം പറഞ്ഞു. ബന്ധപ്പെട്ട വീട്ടില്‍ സന്ദര്‍ശകര്‍ എത്തുന്നതിനു മുമ്പേ ആ വീടു നിരീക്ഷണത്തിലാക്കാന്‍ പ്രദേശ വാസികള്‍ക്കുണ്ടായ പ്രകോപനം എന്താണ്?. ജഡ്ജി ഇങ്ങനെ തുടര്‍ന്നു: വീടിനകത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി പറയപ്പെടുന്നവര്‍ അയല്‍വാസികള്‍ക്കും പ്രദേശവാസികള്‍ക്കും സൗജന്യമായി കാണത്തക്കവിധത്തില്‍ എന്തിനാണ് ഒരു പ്രത്യേക മുറിയുടെ ജനാല തുറന്നിട്ടതും ലൈറ്റുകള്‍ മുഴുവന്‍ ഓണാക്കിവെച്ചതും. പ്രദേശവാസികളുടെ അനാവശ്യമായ കടന്നുകയറ്റമല്ലേ പരാതിക്കാരന്‍ ക്രൂരമായി അക്രമിക്കപ്പെടാന്‍ ഇടയാക്കിയത്. പതിമൂന്നാം ഖണ്ഡികയില്‍ ജഡ്ജി ഇങ്ങനെ പറഞ്ഞു. ഇത്രയും അവിശ്വസനീയമായ ഒരു കഥ വിശുദ്ധ സത്യമായി വിശ്വസിക്കാന്‍ തക്ക മണ്ടന്‍മാരല്ല സാധാരണ ജനം. ഇങ്ങനെ പറഞ്ഞ കോടതി പരാതിക്കാരനായ രാധാകൃഷ്ണനെ കള്ളക്കേസില്‍ നിന്ന് കുറ്റ വിമുക്തനാക്കുകയായിരുന്നു.
എന്നിട്ടും മതിവരാതെ രാധാകൃഷ്ണനെ പീഡിപ്പിക്കുന്ന നടപടി പിണറായി സര്‍ക്കാര്‍ തുടര്‍ന്നു. പാര്‍ട്ടിയും രാധാകൃഷ്ണനെ പിന്തുടര്‍ന്നു. മൂന്നുതവണ രാധാകൃഷ്ണനു നേരെ വധശ്രമമുണ്ടായി. ഐ.പി.എസ് ലഭിച്ചതിനെ തുടര്‍ന്ന് രാധാകൃഷ്ണനെ 2016ല്‍ വീണ്ടും സസ്‌പെന്റ് ചെയ്തു. നാലര വര്‍ഷം നീണ്ടുനിന്ന നിയമ യുദ്ധത്തിനുശേഷമാണ് അദ്ദേഹത്തിനു തിരികെ എത്താനായത്. പിന്നീട് എട്ടുമാസക്കാലം കെ.എ.പി അഞ്ചാം ബറ്റാലിയന്റെ കമാന്റന്റായി ജോലി ചെയ്തു. എന്നാല്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ റിട്ടയര്‍മെന്റിന് ഒരു ദിവസം മുമ്പ് 2021 ഏപ്രില്‍ 29ന് സസ്‌പെന്റ് ചെയ്യപ്പെട്ടു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട തനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല എന്നും താനും കുടുംബവും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞപ്പോഴാണ് എന്നാല്‍ അങ്ങനെ ആവട്ടെ എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ഈ പശ്ചാത്തലത്തിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് രാധാകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാകുന്നത്. അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: സി.പി.എമ്മിനോട് എതിര്‍ത്തിട്ട് ആരെങ്കിലും ഭൂമിയില്‍ ജീവനോടെ ഇരിക്കുമോ?. അവര്‍ എന്നെ കൊല്ലട്ടെ, അവര്‍ നേരത്തെ തന്നെ പറഞ്ഞിരിക്കുന്നത് എന്താണ്. അഞ്ചു പൈസ കൈയ്യിലില്ലാതെ, ജീവിക്കാന്‍ നിവൃത്തിയില്ലാതെ, മക്കളെ പഠിപ്പിക്കാനോ വളര്‍ത്താനോ ഗതിയില്ലാതെ വഴിയില്‍കൂടി തെണ്ടി നടത്തി മനപ്രയാസപ്പെട്ടിട്ട് എന്നെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കും എന്നാണ്. രാധാകൃഷ്ണന്‍ ഇപ്രകാരം തുടര്‍ന്നു. ഞാന്‍ സത്യം ഇനിയും വിളിച്ചു പറയും. നെറികേട് കാട്ടിയാല്‍ വിളിച്ചുപറയും. എന്നെ കൊല്ലട്ടെ, മരണം വരെ ശക്തമായി മുന്നോട്ടുപോകും. പക്ഷേ രാധാകൃഷ്ണനെ ഇനി സി.പി.എമ്മിന് കൊല്ലാനാകുമോ?. ഇല്ല, ഒരിക്കലുമില്ല. രാധാകൃഷ്ണന് 48 മണിക്കൂറിനുള്ളില്‍ ജനം നല്‍കിയ 58 ലക്ഷം രൂപ വ്യക്തമാക്കുന്നത് അതാണ്. അതുമാത്രമാണ്.