ഡെറാഡൂണ്‍: ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അങ്കിതയുടെ പിതാവ് വീരേന്ദ്ര സിങ് ഭണ്ഡാരിയുമായി ഫോണില്‍ സംസാരിച്ചതായും കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പൊലീസ് അന്വേഷണം കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായും വീരേന്ദ്ര ഭണ്ഡാരി പ്രതികരിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി സര്‍ക്കാരിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് തെളിവ് നശിപ്പിക്കാനാണെന്നും അങ്കിതയുടെ മൃതദേഹം ബന്ധുക്കളെ കാണിച്ചില്ലെന്നുമായിരുന്നു ആരോപണം. കേസില്‍ ബി.ജെ.പി നേതാവിന്റെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയും രണ്ടു ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്.