ഡെറാഡൂണ്‍: റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. രഹസ്യ അനാശാസ്യകേന്ദ്രമായാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും ലഹരിയിടപാടിന്റെ കേന്ദ്രമായിരുന്നെന്നും മുന്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് ഭോഗ്പുരിലെ റിസോര്‍ട്ട്. സംഭവത്തിന് പിന്നാലെ ബി.ജെ.പി സര്‍ക്കാര്‍ റിസോര്‍ട്ട് പൊളിച്ചത് വിവാദമായിരുന്നു. തെളിവ് നശിപ്പിക്കാനാണ് ഇതെന്നായിരുന്നു കുടുംബം വ്യക്തമാക്കിയത്. ജീവനക്കാരെ പുല്‍കിത് മാനസികമായി പീഡിപ്പിച്ചിരുന്നു. റിസോര്‍ട്ടില്‍നിന്നു പുറത്തുപോകാന്‍ ശ്രമിക്കുന്നവരെ വ്യാജ മോഷണവും ആരോപണങ്ങളും ഉന്നയിച്ചു കുടുക്കും. വേശ്യാവൃത്തി, ലഹരിക്കച്ചവടം തുടങ്ങിയ അനധികൃത ഇടപാടുകള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. ഇതൊന്നും സഹിക്കാനാകാതെ രണ്ടുമാസം മുന്‍പാണു ജോലി രാജിവച്ചത്’- നേരത്തേ ഇവിടെ ജോലി ചെയ്തിരുന്ന ദമ്പതികള്‍ പറഞ്ഞു. ചില പ്രത്യേക അതിഥികളെ റിസോര്‍ട്ടിലേക്ക് പുല്‍കിത് കൊണ്ടുവരാറുണ്ട്. മേല്‍വിലാസം വെളിപ്പെടുത്താതെ സ്ത്രീകളെയും എത്തിക്കും. റിസോര്‍ട്ടില്‍ ലൈംഗിക സേവനത്തിനായാണ് ഇവരെത്തുന്നത്. അതിഥികള്‍ക്കായി വിലയേറിയ മദ്യം, കഞ്ചാവ്, മറ്റു രാസലഹരികള്‍ എന്നിവ ഒരുക്കി നല്‍കാറുണ്ട്- ഇവര്‍ വെളിപ്പെടുത്തി.
അറസ്റ്റിലായ പുല്‍കിതും രണ്ടു ജീവനക്കാരും റിമാന്‍ഡിലാണ്. കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലില്‍നിന്നാണ് കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.