ന്യൂഡല്‍ഹി: എ.കെ ആന്റണിയടക്കം 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു. വികാര നിര്‍ഭരമായാണ് സഭ അംഗങ്ങള്‍ക്ക് വിട നല്‍കിയത്. അനുഭവമാണ് അക്കാദമിക മികവിനെക്കാന്‍ വലുതെന്നും എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭ അംഗങ്ങളുടെ വിടവാങ്ങല്‍ ചടങ്ങില്‍ പറഞ്ഞു.
പലപ്പോഴും പഠനത്തിലൂടെ ലഭിക്കുന്ന അറിവിനെക്കാള്‍ വിലപ്പെട്ടതാണ് അനുഭവസമ്പത്ത്. വീണ്ടും പാര്‍ലമെന്റില്‍ എത്തണമെന്നാണ് കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നവരോട് പറയാനുള്ളത്. ദീര്‍ഘകാലം നാം പാര്‍ലമെന്റില്‍ ചെലവഴിച്ചു. പാര്‍ലമെന്റ് അംഗങ്ങളെന്ന നിലയില്‍ നാം ആര്‍ജിച്ച അനുഭവ സമ്പത്ത് രാജ്യം മുഴുവന്‍ എത്തിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല എ.കെ ആന്റണിയെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. കുറച്ച് സംസാരിക്കുകയും, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നയാളാണ് എ.കെ ആന്റണിയെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയത്തില്‍ വിരമിക്കല്‍ എന്നൊന്നില്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സമീപ കാലത്ത് ഏറ്റവുമധികം അംഗങ്ങള്‍ രാജ്യസഭയുടെ പടിയിറങ്ങുകയാണ്. കാലാവധി കഴിയുന്നവരുടെ സംഭാവനകള്‍ നിസ്തുലമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരില്‍ നിന്ന് ധാരാളം പഠിക്കാനായെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മോദി പറഞ്ഞു.
ആനന്ദ് ശര്‍മ്മയില്ലാത്ത രാജ്യസഭയെ കുറിച്ച് ആലോചിക്കാനാകുന്നില്ലെന്നായിരുന്നു എളമരം കരീമിന്റെ പരാമര്‍ശം. എ.കെ ആന്റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ആദ്യം പൂര്‍ത്തിയാകും. പിന്നാലെ സുരേഷ് ഗോപി. ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും പടിയിറങ്ങും. ഏഴ് നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പടെ 72 അംഗങ്ങളാണ് വിരമിക്കുന്നത്. കോണ്‍ഗ്രസ് സഭാ നേതാവ് ആനന്ദ് ശര്‍മ, ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്ത, ബോക്‌സിങ് താരം മേരി കോം എന്നിവരും കാലാവധി പൂര്‍ത്തിക്കുന്നവരില്‍ പെടും.