X

മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. പത്തനംതിട്ടയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് തകർന്ന് കൊക്കത്തോട് പ്രദേശം ഒറ്റപ്പെട്ടു. പത്തനംതിട്ടയിൽ കോന്നി-കൊക്കാത്തോട് റോഡിന്റെ ഒരു ഭാഗം തകർന്നതോടെ കൊക്കത്തോട് മേഖലയിലെ 80ഓളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്.
ഒരേക്കർ ഭാഗത്ത് മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണമായും അഞ്ചു വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരത്ത് ശക്തമായ മഴയില്‍ പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൽ എന്നിവിടങ്ങളിലെ തോടുകൾ കരകവിഞ്ഞതോടെ നഗരത്തിലെ 250ലധികം വീടുകളിലാണ് വെള്ളം കയറിയത്. മഴ തോർന്നതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി.
ശബരിമലയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയും ഇന്നുമായി ശരാശരി 39 മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ കണക്ക്. പത്തനംതിട്ട ജില്ലയിൽ 86 മില്ലീമീറ്റര്‍, തിരുവനന്തപുരത്ത് 66 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം.

webdesk13: