മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി.വീണ എന്നിവരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് 3 ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നു ദിവസമായിട്ടും ഉത്തരമില്ലാത്ത നിലയ്ക്ക് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്നു വൈകിട്ട് മാധ്യമങ്ങളെ കാണും’- അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ എന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചിരുന്നു.
ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഏത് ഏജന്‍സികള്‍ക്കും എത്ര തവണ വേണമെങ്കിലും അന്വേഷിക്കാമെന്നും അന്വേഷണങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ സര്‍വേ നടത്തിയിരുന്നു. മാത്യു കുഴല്‍നാടന്റെ കടവൂര്‍ വില്ലേജിലെ ആയങ്കരയിലുള്ള കുടുംബവീടിനോടു ചേര്‍ന്നുള്ള 786/1, 812/2, 812/3B, 812/1B, 812/22, 786/1 എന്നീ സര്‍വേ നമ്പരുകളിലെ 4.5 ഏക്കര്‍ ഭൂമിയിലാണ് സര്‍വേ നടന്നത്. താലൂക്ക് സര്‍വേയര്‍മാരായ എം.വി.സജീഷ്, രതീഷ് വി.പ്രഭു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സര്‍വേ നടത്തിയത്.
സര്‍വേയര്‍മാര്‍ സ്‌കെച്ചും പ്ലാനും തയാറാക്കി കോതമംഗലം ഭൂരേഖ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 2 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ കെ.എം.നാസര്‍ അറിയിച്ചു. മാത്യു കുഴല്‍നാടന്റെ കുടുംബവീടിനോട് ചേര്‍ന്ന് അനുമതി നല്‍കിയതിലും കൂടുതല്‍ സ്ഥലത്ത് മണ്ണിട്ടു നികത്തി എന്നു ചൂണ്ടിക്കാണിച്ച് ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്കു മുന്‍പു വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു റവന്യു വിഭാഗത്തോട് സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണു നടപടി.