കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഫണ്ട് സമാഹരണം ഇന്ന് സമാപിക്കും. ജൂലായ് ഒന്ന് മുതല്‍ ആരംഭിച്ച ദൗത്യത്തോടൊപ്പം സംസ്ഥാനത്തെ മുഴുവന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും ആവേശത്തോടെയാണ് അണിചേര്‍ന്നത്. സമ്പൂര്‍ണമായും ഓണ്‍ലൈനിലൂടെ നടക്കുന്ന ഫണ്ട് സമാഹരണത്തില്‍ ഓരോ ദിവസവും അഭൂതപൂര്‍വ്വമായ മുന്നേറ്റമുണ്ടായി. അവസാന ദിനങ്ങളില്‍ ഫണ്ട് സമാഹരണത്തിന് വേഗത കൂടുകയും പ്രവര്‍ത്തകരും നേതാക്കളും ഓരോ പ്രദേശങ്ങളിലും ഒന്നിച്ചിറങ്ങി ദൗത്യം നിര്‍വ്വഹിക്കുകയും ചെയ്തു. കുടുംബങ്ങളെയും വ്യക്തികളെയും നേരിട്ട് സന്ദര്‍ശിച്ച് ഖാഇദെ മില്ലത്ത് സെന്ററിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയാണ് ഫണ്ട് സമാഹരണം നടന്നത്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, ശാഖാ കമ്മിറ്റികള്‍ പ്രത്യേകം ക്യാമ്പയിനുകളും ഗൃഹസമ്പര്‍ക്ക പരിപാടികളും നടത്തി. നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചയിക്കപ്പെട്ട സംഖ്യ പൂര്‍ത്തീകരിക്കാത്ത കമ്മിറ്റികള്‍ക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് സംസ്ഥാന കമ്മിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ക്വാട്ട പൂര്‍ത്തീകരിക്കാത്ത ശാഖകളുടെ ലിസ്റ്റ് ജില്ലാ കമ്മിറ്റികളില്‍നിന്ന് സംസ്ഥാന കമ്മിറ്റി ശേഖരിക്കുകയും അനാസ്ഥ കാണിച്ച കമ്മിറ്റികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവസാന വട്ട അവലോകനം ഇന്ന് വൈകുന്നേരം നടക്കും. വിവിധ കമ്മിറ്റികള്‍ മത്സര ബുദ്ധിയോടെയാണ് ക്യാമ്പയിനില്‍ അണിചേര്‍ന്നതെന്നും ഈ മഹത്തായ ദൗത്യത്തെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഓരോ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
രാജ്യതലസ്ഥാനത്ത് പാര്‍ട്ടിക്ക് ഒരു ആസ്ഥാനമെന്ന പ്രവര്‍ത്തകരുടെ ചിരകാല സ്വപ്‌നവും ഖാഇദെ മില്ലത്ത് എന്ന മഹാനായ നേതാവിനോടുള്ള ആദരവും ഒത്തുചേര്‍ന്നതോടെ നിശ്ചിത ക്വാട്ടയും മറികടന്നാണ് പല മേഖലകളിലും ഫണ്ട് സമാഹരണം മുന്നോട്ട് പോയത്. ക്യാമ്പയിന്‍ ഇന്ന് സമാപിക്കുമ്പോള്‍ ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടി നടന്നത് കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.