X

പ്രതിഷേധം ഫലം കണ്ടു, കളക്ടര്‍ ഇടപെട്ടു; ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി

പ്രതിഷേധം ശക്തമായി,ഉഡുപ്പിയില്‍ സര്‍ക്കാര്‍ കോളജില്‍ ഹിജാബിന് വിലക്ക് നീക്കി.ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളജിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ഥിനികളെ കഴിഞ്ഞ ദിവസം കോളജ് കവാടത്തില്‍ വച്ച് തന്നെ അധികൃതര്‍ തടയുകയായിരുന്നു.കോളജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന വിചിത്ര മറുപടിയാണ് കോളജ് അധികൃതര്‍ നല്‍കിയത്.ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ഥിനികളെ ക്യാമ്പസ് വളപ്പില്‍ നിന്ന് പുറത്താക്കി.നാല് ദിവസമായി ക്ലാസില്‍ പ്രവേശിക്കാനാകാത്ത വിദ്യാര്‍ഥിനികള്‍ കോളജിന് പുറത്ത് പ്രതിഷേധിച്ചു.രക്ഷിതാക്കളെത്തി ചര്‍ച്ച നടത്തിയിട്ടും അധികൃതര്‍ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.

പ്രതിഷേധം ശക്തമായപ്പോളാണ് സംഭവത്തില്‍ ജില്ലാ കളക്ടര്‍ കുര്‍മ റാവോ ഇടപെടുന്നത്. വിദ്യാര്‍ത്ഥിനികളുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ കളക്ടര്‍ വിഷയം പരിഹരിക്കുകയായിരുന്നു. ഹിജാബോട് കൂടി തന്നെ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ലഭിക്കുകയായിരുന്നു.

അറബിയിലും ഉറുദുവിലും ബ്യാരി ഭാഷയിലും കോളജിനകത്ത് സംസാരിക്കരുതെന്നും കോളജ് പ്രിന്‍സിപ്പള്‍ ഉത്തരവിട്ടിട്ടുണ്ട്. അറബി, ബ്യാരി, ഉറുദു ഭാഷകളില്‍ സംസാരിച്ചാല്‍ പിഴ ചുമത്തുമെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പള്‍ പുതിയ ഉത്തരവുമിറക്കി. ഹിന്ദി, കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളജില്‍ വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്. ഈ നടപടിക്ക് എതിരെയും പ്രതിഷേധം ശക്തമാവുകയാണ്.

Test User: