വഖഫ് വിഷയത്തില്‍ മുസ്‌ലിംലീഗ് മുസ്‌ലിം സമുദായത്തിന്റെ വന്‍മതില്‍ തീര്‍ത്തതിന് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തിനാണിത്ര അസ്വസ്ഥനാകുന്നത്? കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഓരോ സമുദായവും അവരുടേതായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളും സമരങ്ങളും ജനാധിപത്യ സംവിധാനത്തില്‍ അവകാശങ്ങള്‍ പിടിച്ചുവാങ്ങാനുള്ള മാര്‍ഗങ്ങളാണ്. മുസ്‌ലിംലീഗ് വഖഫ് വിഷയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ എവിടെയും വര്‍ഗീയതയുടെയോ അക്രമത്തിന്റെയോ പാത സ്വീകരിച്ചിട്ടില്ല. പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോ വാഹനങ്ങളോ ആക്രമിച്ചിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധങ്ങള്‍ മാത്രമാണ് മുസ്‌ലിംലീഗും ഇതര മുസ്‌ലിം സംഘടനകളും വഖഫ് വിഷയത്തില്‍ നടത്തിയിട്ടുള്ളത്. സമരമാര്‍ഗത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി അടക്കം പലരും പ്രകോപനങ്ങളുമായി വന്നിട്ടും ലക്ഷ്യത്തിലൂന്നി നിന്നുകൊണ്ടുള്ള ചിട്ടയോടെ, അച്ചടക്കത്തോടെയുള്ള പ്രതിഷേധങ്ങള്‍ മാത്രം സംഘടിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞെങ്കില്‍ അത് ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നൈതികതയുടെ ബഹിര്‍പ്രകടനം മാത്രമാണ്.
പ്രതിഷേധങ്ങള്‍ സമാധാനപരമെന്നു പറയുമ്പോള്‍ അത് ഭരണഘടനക്ക് വിധേയമാണെന്ന അര്‍ത്ഥത്തിലാണ് അതിനെ മനസിലാക്കേണ്ടത്. രാജ്യം ഭരിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഏകാധിപത്യപരമോ ജനവിരുദ്ധമോ ആയ ഏതൊരു നടപടിക്കെതിരെയും നാവുകൊണ്ടും തൂലികകൊണ്ടും പ്രതിഷേധിക്കാന്‍ എല്ലാ സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും അവകാശമുണ്ട്. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ ഏതൊക്കെ സമൂഹങ്ങളും സമുദായങ്ങളുമുണ്ടോ, അവ മത ന്യൂനപക്ഷങ്ങളായിരുന്നാലും ഭാഷ ന്യൂനപക്ഷങ്ങളായിരുന്നാലും പിന്നാക്കജാതികളായിരുന്നാലും അവയെല്ലാം ഓരോ സമൂഹമോ സമുദായമോ ആണ്. അവരുടെയെല്ലാം സ്വത്വങ്ങളെയും അടയാളങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടന കനിഞ്ഞരുളിയ ആധിപത്യത്തിന്റെ പേരാണ് ‘ഇന്ത്യന്‍ ജനാധിപത്യം’.
മുസ്‌ലിം സമുദായത്തിനും ഇതര സമുദായങ്ങളെപ്പോലെ അവകാശങ്ങളുണ്ട്. സമുദായത്തിന്റെ അവകാശങ്ങളെ കുറിച്ച് മുസ്‌ലിം ലീഗ് സംസാരിക്കുമ്പോള്‍ മാത്രം വര്‍ഗീയതയുടെ ചാര്‍ത്ത് നല്‍കാന്‍ ശ്രമിക്കുന്നത് വഖഫ് വിഷയത്തില്‍ മുസ്‌ലിംലീഗും ഇതര മുസ്‌ലിം സംഘടനകളും ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് സര്‍ക്കാറിന്റെ പക്കല്‍ മറുപടി ഇല്ലാത്തതുകൊണ്ടാണ്. ഇടതുപക്ഷം എല്ലാകാലങ്ങളിലും മുസ്‌ലിം അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും വിഷയങ്ങളില്‍ കടുത്ത വര്‍ഗീയ നിലപാട് സ്വീകരിച്ചതാണ് ചരിത്രം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ അവശവിഭാഗങ്ങളായിരുന്ന മുല്ലമാര്‍ക്കും മുക്രിമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള 1982 ലെ കെ. കരുണാകരന്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കേരളമാകമാനം വര്‍ഗീയ പ്രചാരണം നടത്തിയവരാണ് സി.പി.എമ്മും ഇടതുപക്ഷവും. വഖഫ് ബോര്‍ഡില്‍ നിന്ന് ഇവര്‍ക്ക് ആനുകൂല്യം നല്‍കണമെന്നായിരുന്നു മുസ്‌ലിംലീഗ് ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ ഇത്തരത്തില്‍ മുസ്‌ലിം സമുദായത്തിലെ മുല്ലമാര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കിയിരുന്ന കാര്യവും അന്ന് മുസ്‌ലിംലീഗ് ചൂണ്ടിക്കാണിച്ചിരുന്നു. വഖഫ് ബോര്‍ഡിലൂടെ മുല്ല മുക്രി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന 1980 കളിലെ ആവശ്യത്തെ എതിര്‍ക്കാന്‍ സി.പി.എമ്മിന്റെ കൂടെ ഉണ്ടായിരുന്നത് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവ് പി. പരമേശ്വരനായിരുന്നു എന്ന കാര്യം ആര്‍ക്ക് ഓര്‍മ്മയില്ലെങ്കിലും പിണറായി വിജയന്‍ മറക്കാനിടയില്ല. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുസ്‌ലിംലീഗിനെ ഒറ്റപ്പെടുത്തി മുസ്‌ലിം സംഘടനകളെ പ്രീതിപ്പെടുത്താനുള്ള ചില കുതന്ത്രങ്ങളാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍സമുദായത്തിന് പണ്ഡിതോചിതമായി നേതൃത്വം നല്‍കുന്ന മതസംഘടനകളോട് പോലും വര്‍ഗീയനിലപാട് സ്വീകരിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. കേരളത്തിലെ മുസ്‌ലിം ജനസാമാന്യങ്ങളില്‍ ഏറെ സ്വാധീനമുള്ള സുന്നി, മുജാഹിദ് സംഘടനകളെല്ലാം വിദേശപണം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖപ്രസംഗങ്ങള്‍ എഴുതിയ കാര്യം സി.പി.എമ്മിന്റെ മുഖപത്രത്തിന് മറക്കാന്‍ സാധിക്കുമോ?. പാര്‍ട്ടി പത്രത്തെ തിരുത്താന്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, മുസ്‌ലിം സ്വത്വ അടയാളങ്ങളെ സ്‌കൂളുകളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിരുന്ന കെ.ജി.ടി.എ, കെ.പി. ടി.യു തുടങ്ങിയ സി.പി.എം അധ്യാപക സംഘടനകളുടെയും ശാസ്ത്ര സാഹിത്യപരിഷത്തിന്റെയും ശ്രമങ്ങളെ വഴി വിട്ടു പ്രോത്സാഹിപ്പിക്കുകയായിരുന്നു സി.പി.എം എന്ന് മുഖ്യമന്ത്രി മറന്നുപോകരുത്.
മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാം എന്നുകരുതുന്ന മുഖ്യമന്ത്രി ഒരു കാര്യം മറന്നുപോകുന്നു. വളരെ നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ രൂപപ്പെട്ട മുസ്‌ലിം ലീഗിനകത്തുണ്ടായ ഭിന്നത ഇല്ലാതാവുകയും ഇരു മുസ്‌ലിംലീഗുകളെ ഒന്നിപ്പിക്കുകയും ചെയ്തത് ശരീഅത്ത് വിഷയത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളോട് ചേര്‍ന്നുനിന്നുകൊണ്ട് സി.പി.എം എടുത്ത മുസ്‌ലിം വിരുദ്ധ നിലപാട് കാരണമായിരുന്നു എന്ന 1985 ലെ ചരിത്രം ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ.
അന്ന് മുസ്‌ലിം സമുദായത്തിലെ ചിലരെ അടര്‍ത്തിയെടുക്കാന്‍ ഇ.എം.എസ് അടക്കമുള്ള സി.പി.എമ്മിന്റെ ബുദ്ധിരാക്ഷസന്മാര്‍ ശ്രമിച്ചിട്ട് എന്തുണ്ടായി എന്ന കാര്യമെങ്കിലും ഓര്‍ക്കേണ്ടതില്ലേ? മുസ്‌ലിംലീഗ് ആരാധനാലയങ്ങളെ കേന്ദ്രീകരിച്ച് സമരം നടത്തുകയോ പ്രസംഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാറില്ല. മുസ്‌ലിം സമുദായത്തില്‍ പെട്ട ഏതു വിഭാഗത്തിനാണോ ആരാധനാലയങ്ങളുടെ കൈകാര്യകര്‍ത്തൃത്വമുള്ളത്, അവരാണ് അവിടങ്ങളില്‍ ബോധവല്‍ക്കരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വഖഫ് വിഷയത്തില്‍ പിണറായി സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നിലപാടിനെതിരെ മുസ്‌ലിം സംഘടനകള്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തിക്കുന്നു എന്നുകണ്ടപ്പോള്‍ അതിനെ തകര്‍ക്കാന്‍ വേണ്ടി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കി സമുദായത്തെ ഭിന്നിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.വഖഫ് വിഷയം സംസാരിക്കാന്‍ ലീഗ് മതസംഘടനയാണോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. വഖഫ് വിഷയം ചര്‍ച്ച ചെയ്ത് ബില്ല് പാസാക്കിയത് നിയമസഭയാണെന്ന കാര്യം അദ്ദേഹം മറന്നു പോയോ? വഖഫ് വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ പള്ളിയോ ഏതെങ്കിലും മതസംഘടനയുടെ ഓഫീസോ ആണോ എന്നാരെങ്കിലും തിരിച്ചു ചോദിച്ചാല്‍?. വളരെ ദുര്‍ബലമായ വാദഗതികള്‍ ഉച്ചത്തില്‍ ഗര്‍വോടെ പറഞ്ഞാല്‍ ജനങ്ങള്‍ അംഗീകരിക്കുമെന്നാണോ അദ്ദേഹം മനസിലാക്കിയിട്ടുള്ളത്. നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ നിയമസഭയില്‍ തന്നെ അത് പിന്‍വലിക്കുന്നത് വരെ സമരം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചിട്ടുള്ളത് ഈ അടിസ്ഥാനത്തിലാണ്. മുസ്‌ലിം സമുദായം പഴയപോലെയല്ല, ഇപ്പോള്‍ കുറെ പുരോഗമിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, എത്ര പുരോഗമിച്ചാലും സമുദായത്തിന്റെ മതപരമായ സ്വത്വത്തെയും അവകാശത്തെയും ഉപേക്ഷിക്കാന്‍ മുസ്‌ലിം സമുദായം സന്നദ്ധമല്ല എന്ന കാര്യം മനസിലാക്കാന്‍ കമ്യൂണിസ്റ്റ് റഷ്യയില്‍ സമുദായം നടത്തിയ സമരങ്ങളിലേക്കൊന്നും പോവേണ്ടതില്ല, ഇങ്ങ് കേരളത്തില്‍ തന്നെ ഒന്നിച്ചണിനിരന്ന കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി. ഈ പോരാട്ടങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ സി.പി.എം ശ്രമിക്കുമെന്ന് സമുദായത്തിന് നന്നായറിയാം.
ഓരോ സമുദായത്തിനും ഭരണഘടന അനുവദിച്ചുനല്‍കിയ അവകാശങ്ങളുടെ മേല്‍ വിവിധ സര്‍ക്കാറുകള്‍ നിയന്ത്രണങ്ങളോ നിരോധനങ്ങളോ കൊണ്ടുവരുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്. വഖഫ് മുസ്‌ലിം സമുദായത്തിന്റെ അവകാശമാണ്. അത് സമുദായം കൈകാര്യം ചെയ്യുണ്ടുന്ന വിഷയമാണ്. വഖഫിന്റെ അസ്തിത്വത്തെയും അടിസ്ഥാന സ്വഭാവത്തെയും ഉന്മൂലനം ചെയ്യുന്ന വിധത്തിലുള്ള ബില്ലുകള്‍ ഏതെങ്കിലും സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അതിനെതിരെ ശബ്ദിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്.
മുസ്‌ലിംലീഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള പിന്നാക്ക മത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണമാണ് മുസ്‌ലിംലീഗ് മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അജണ്ട. ഒരു സമുദായത്തിന്റെ അവകാശത്തിന് വേണ്ടി മുന്നില്‍ നിന്നുപ്രവര്‍ത്തിക്കുന്നവരോട് നിങ്ങള്‍ മത സംഘടനയാണോ എന്ന് ചോദിക്കുന്നതിനേക്കാള്‍ വലിയ അല്‍പത്വം വേറെ എന്തുണ്ട്? കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിമാര്‍ക്കോ വക്താക്കളോ അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിലെ ‘രാഷ്ട്രീയം’ മനസിലാക്കാം. പക്ഷേ സംസ്ഥാനത്തിന്റെ സമുന്നത പദവിയായ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് സംസ്ഥാനത്തിന് അപമാനമാണ്. പ്രതിഷേധങ്ങള്‍ക്ക് മേല്‍ അസ്വസ്ഥനായി എന്തെങ്കിലും വിളിച്ചുപറയുകയല്ല വേണ്ടത്, സമുദായത്തിന്റെ മൊത്തത്തിലുള്ള വികാരം മനസിലാക്കി നിയമസഭയില്‍ കൊണ്ടുവന്ന ബില്ല് പിന്‍വലിക്കാനുള്ള മാന്യത കാണിക്കുകയാണ് വേണ്ടത്.