കോഴിക്കോട്: കോതിയില്‍ മലിനജല പ്ലാന്റ് സ്ഥാപിക്കാനുള്ള കോര്‍പറേഷന്‍ നടപടിക്കെതിരേ ഇന്നും വന്‍ പ്രതിഷേധം. കോതിയിലെ കോര്‍പറേഷന്റെ അധീനതയിലുള്ള ഭൂമിയിലാണ് പ്ലാന്റ് നിര്‍മാണത്തിനു പദ്ധതിയിട്ടത്്്. സമരം ശക്തിപ്പെടുന്നതോടെ ആവിക്കല്‍ തോട് പ്രതിഷേധത്തില്‍ പ്രതിരോധത്തിലായ കോര്‍പറേഷന് മറ്റൊരു തലവേദനയായിരിക്കുകയാണ് കോതിയിലെ ജനകീയ സമരകൂട്ടായ്മയും. മലിനജല പ്ലാന്റ് നിര്‍മ്മാണ പദ്ധതിക്കാവശ്യമായ സാമഗ്രികളുമായി പൊലിസ് സുരക്ഷയോടെ രാവിലെ അധികൃതര്‍ എത്തിയതോടെയാണ് ഇന്നലെ പ്രതിഷേധം ശക്തമായത്്. സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാല്‍ പൊലിസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി. തുടര്‍ന്ന് പ്ലാന്റിനായുള്ള പണി പുനരാരംഭിച്ചു. കോതിയിലെ പ്ലാന്റ് നിര്‍മാണത്തിന് കോര്‍പ്പറേഷന് അനുകൂലമായി ഹൈക്കോടതി വിധി ഉണ്ടായിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് അധികൃതര്‍ എത്തിയത്. എന്നാല്‍ വിധിപ്പകര്‍പ്പ് കിട്ടുന്നതിന് മുമ്പ് തിടുക്കത്തില്‍ നിര്‍മാണം തുടങ്ങുന്നതിനെ നാട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. യുഡിഎഫ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയാണ് സമരകൂട്ടായ്മക്കുള്ളത്.
അതേസമയം ജനവാസ മേഖലയായ പള്ളിക്കണ്ടി അഴീക്കല്‍ റോഡില്‍ കല്ലായി പുഴ നികത്തി കോര്‍പ്പറേഷന്റെ സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് നാളെ 57, 58 59, വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന തെക്കേപ്പുറത്ത് ഹര്‍ത്താല്‍ നടത്തും. ഇന്നലെ രാത്രി നടന്ന ജനകീയ പ്രതിരോധ സമിതിയുടെ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. കുറ്റിച്ചിറ, കണ്ടുങ്ങല്‍, ഇടിയങ്ങര, മുഖദാര്‍, പള്ളിക്കണ്ടി, കുത്ത് കല്ല്, നൈനാംവളപ്പ്, കോതി. എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ നടക്കുക.
കൂടാതെ സി.ആര്‍.സെഡ്.എ കാറ്റഗറിയില്‍പ്പെട്ട കല്ലായിപ്പുഴയില്‍ പുഴ നികത്തി സീവറേജ് ട്രീറ്റ് മെന്റ് പ്ലാന്റിന് മാനദണ്ഡങ്ങള്‍ പാലിച്ച് അനുമതി നല്‍കിയ കോടതി വിധിക്കെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപ്പിക്കുമെന്ന് ജനകീയ പ്രതിരോധ സമിതി ചെയര്‍മാന്‍ ഫൈസല്‍ പള്ളിക്കണ്ടി പറഞ്ഞു. കല്ലായി പുഴയിലെ കൈയേറ്റങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുവാന്‍ ഹൈക്കോടതി സെഞ്ച് ഒരു ഭാഗത്ത് വിധി പറയുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായി മൊറ്റൊരു സിംഗിള്‍ ബഞ്ചിന്റെ വിധി പുഴയുടെ നാശത്തിന് കാരണമാകുമെന്നും ജനവാസ മേഖലയില്‍ മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്നും സമിതി ആവശ്യപ്പെട്ടു.