നെടുമ്പാശ്ശേരി: വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭസംഘം സജീവം. സന്ദര്‍ശക വിസയില്‍ ഇവരെ ഗള്‍ഫിലേക്ക് കൊണ്ടുപോയ ശേഷം തൊഴില്‍ വിസ തരപ്പെടുത്തി സ്ഥിരം ജോലി നല്‍കാമെന്ന വാഗ്ദാനമാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ തൊഴില്‍ വാഗ്ദാനം നല്‍കി റിക്രൂട്ട് ചെയ്ത് വാണിഭസംഘത്തിന്റെ സങ്കേതത്തില്‍ എത്തിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി വിമാനത്താവളം വഴി കൊണ്ടുപോകാന്‍ ശ്രമിച്ച 12 സ്ത്രീകളെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയുണ്ടായി. ഇവരെല്ലാം ആന്ധ്രയില്‍ നിന്നുള്ളവരാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ആന്ധ്ര കേന്ദ്രീകരിച്ചുള്ള റിക്രൂട്ടിംഗ് ഏജന്‍സികളുടെ സംബന്ധിച്ച കഥകള്‍ അനാവരണം ചെയ്യപ്പെട്ടത്.പിടിയിലായ സ്ത്രീകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ പരിമിതികള്‍ ഉണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ പറയുന്നത്.
വിദേശത്തേക്ക് സന്ദര്‍ശക വിസയില്‍ പാസ്‌പോര്‍ട്ടുള്ള ആളുകള്‍ പോകുന്നത് തടയാനാകില്ല. ഇതിന് നിയമാനുസൃതം അംഗീകാരമുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്ര നിഷേധിച്ച പല സ്ത്രീകളും മറ്റു വിമാനത്താവളങ്ങള്‍ വഴി പോയിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ നിന്നും മസ്‌കറ്റിലേക്ക് പോകാനാണ് ആന്ധ്ര സ്വദേശിനികളെത്തിയത്.