തിരുവനന്തപുരം: ഒരു ദിവസം 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റെന്ന നിർദേശം പിൻവലിച്ചു. ഗതാഗത മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് പുതിയ നിർദേശം പുറത്ത് വന്നത്. നിലവില്‍ സ്ലോട്ട് ലഭിച്ചവർക്കെല്ലാം ടെസ്റ്റ് നടത്താൻ ഗതാഗതമന്ത്രിയുടെ ഓഫീസ് നിർദേശം നല്‍കി.
ഒരു ദിവസം 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റിന് അനുമതി നല്‍കിയാല്‍ മതിയെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നല്‍കിയത്. വൈകിയെത്തിയ നിർദേശം അറിയാതെ ഡ്രൈവിങ് ടെസ്റ്റിനായി നിരവധി പേർ എത്തിയിരുന്നു. 50 പേർക്ക് മാത്രമേ ഡ്രൈവിങ് ടെസ്റ്റിന് അനുമതിയുള്ളുവെന്ന മന്ത്രിയുടെ തീരുമാനം അറിഞ്ഞതോടെ പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഗണേഷ് കുമാർ വന്ന ശേഷം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‍കരിച്ച് ഉത്തരവിറങ്ങിയിരുന്നു. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോർഡ് ചെയ്യാനുള്ള ഡാഷ്‌ബോർഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച ടെസ്റ്റിനുള്ളത്.