ന്യൂഡല്‍ഹി: പ്രോംപ്റ്ററിന്റെ സഹായത്തോടെയാണ് മോദിയുടെ പ്രസംഗങ്ങളെല്ലാമെന്ന് ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴായി ആരോപിച്ചിരുന്ന കാര്യമായിരുന്നു. തന്റെ പ്രസംഗങ്ങളില്‍ പ്രോംപ്റ്റര്‍ വേണമെന്ന് പ്രധാനമന്ത്രി എപ്പോഴും നിര്‍ദേശിക്കാറുമുണ്ട്.
കഴിഞ്ഞദിവസം ഡല്‍ഹിയിലെ രോഹിണിയില്‍ മോദി പ്രസംഗിക്കുന്നതിനിടെ, പ്രോംപ്റ്റര്‍ തകരാറിലായിയെന്ന് എ.എ.പി ആരോപണമുയര്‍ത്തിയിരുന്നു.
മോദി ഘോരഘോരം പ്രസംഗിക്കുന്നതിനിടെ, പെട്ടെന്ന് പ്രോംപ്റ്റര്‍ നിലക്കുകയായിരുന്നു. അതോടെ പ്രധാനമന്ത്രിയുടെ പ്രസംഗവും സ്തംഭിച്ചു. കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ, പ്രസംഗം തുടരാനായി ടെലിപ്രോംപ്റ്ററിനെ കാത്തു നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോ ആണ് എ.എ.പി പങ്കുവെച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ ബി.ജെ.പിയെ പോലെ, മോദിയുടെ ടെലിപ്രോംപ്റ്ററും പരാജയപ്പെട്ടു-എന്ന അടിക്കുറിപ്പോടെയാണ് എ.എ.പി വിഡിയോ പങ്കുവെച്ചത്. രോഹിണിയിലെ പ്രസംഗത്തിനിടെ എ.എ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് മോദി ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം.