അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പോകില്ലെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോധ്യയില്‍ നടക്കുന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പരിപാടിയാണ്. അവിടേക്ക് എന്തിന് പോകണമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ജനുവരി 22ലെ ചടങ്ങ് തികച്ചും നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ മതവിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ്. അയോധ്യയില്‍ ജനുവരി 22ന് നടക്കുന്ന ചടങ്ങിനെക്കുറിച്ച് ഹിന്ദുമതത്തില്‍ നിന്നുള്ള, ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തന്നെ അഭിപ്രായങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റിയുള്ളതും ആര്‍എസ്എസിനെ ചുറ്റിപ്പറ്റിയുള്ളതുമായ ഒരു രാഷ്ട്രീയ ചടങ്ങിലേക്ക് പോകുന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, ഗാന്ധി കൂട്ടിച്ചേര്‍ത്തു.
‘മതവുമായി പൊതു ബന്ധം പുലര്‍ത്തുന്നവര്‍ അത് മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ അതുമായി വ്യക്തിപരമായ ബന്ധമാണ് പുലര്‍ത്തുന്നത്. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ ഉടനീളം മതത്തെ ഉപയോഗപ്പെടുത്തുന്നു. ഞാന്‍ എന്റെ മതത്തെ മുതലെടുക്കാന്‍ ശ്രമിക്കില്ല. അതിലെനിക്ക്താല്‍പ്പര്യവുമില്ല. മതത്തിന്റെ തത്വങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു, ഞാന്‍ ആളുകളോട് നല്ല രീതിയില്‍ പെരുമാറുന്നു, ഞാന്‍ അവരെ ബഹുമാനിക്കുന്നു, എന്നോട് എന്തെങ്കിലും പറയുമ്പോള്‍ ഞാന്‍ പ്രതികരിക്കുന്നില്ല. അവരെ ശ്രദ്ധിക്കുന്നു, വിദ്വേഷം പരത്തുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ഹിന്ദുമതം, ഞാന്‍ ഇത് ജീവിതത്തില്‍ പിന്തുടരുന്നു, പക്ഷേ ഈ മതമെന്റെ വസ്ത്രത്തിന് മുകളില്‍ ധരിക്കേണ്ട ആവശ്യമില്ല. അതേസമയം മതത്തില്‍ യഥാര്‍ത്ഥത്തില്‍ വിശ്വാസമില്ലാത്തവരാണ് മതം വസ്ത്രത്തിന് മുകളില്‍ അണിഞ്ഞുനടക്കുന്നത്’. രാഹുല്‍ ഗാന്ധി പറഞ്ഞു.