മൊഹാലി: രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ഇന്ത്യന്‍ ടി-20 സംഘത്തിന്റെ ചുമതലക്കാരാവുമ്പോള്‍ കോച്ചും ക്യാപ്റ്റനും നേരിട്ട വലിയ പ്രശ്‌നം ടീമിന്റെ ബാറ്റിംഗ് ശൈലിയായിരുന്നു. തീര്‍ത്തും പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന ബാറ്റിംഗിന് പകരം ആക്രമണോത്സുകമായി കളിക്കാത്തപക്ഷം പുതിയ സാഹചര്യങ്ങളില്‍ പൊരുതി നില്‍ക്കാനാവില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. വലിയ മാറ്റങള്‍ക്കായും രണ്ട് പേരും ശ്രമിച്ചു. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.
പക്ഷേ ലോകകപ്പ് അരികില്‍ നില്‍ക്കവെ നിലവില്‍ രണ്ട് പേരും നേരിടുന്ന തലവേദന അവസാന ഓവര്‍ ബൗളിംഗാണ്. ഇന്ത്യ അവസാനമായി കളിച്ച മൂന്ന് മല്‍സരങ്ങളിലെ തോല്‍വിക്കും കാരണം അവസാന ഓവറുകള്‍ ചെയ്യുന്ന ബൗളര്‍മാര്‍ തന്നെ. ഏഷ്യാ കപ്പിലെ അവസാന രണ്ട് മല്‍സരങ്ങള്‍, മൊഹാലിയില്‍ ഓസ്‌ട്രേിലയക്കെതിരായ മല്‍സരം- ഇതെല്ലാം അവസാനത്തിലാണ് കൈകളില്‍ നിന്നും വഴുതിയത്. അവസാന നാല് ഓവറുകളില്‍ 54, 42,41 റണ്‍സ് നല്‍കിയാണ് ഇന്ത്യ തോറ്റത്. ഈ മൂന്ന് മല്‍സരങ്ങളിലും പത്തൊമ്പതാമത് ഓവര്‍ എറിഞ്ഞത് ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാറായിരുന്നു. 16,14, 19 റണ്‍സാണ് അദ്ദേഹം ഈ മല്‍സരങ്ങളില്‍ പത്തൊമ്പതാം ഓവറില്‍ വഴങ്ങിയത്. ജസ്പ്രീത് ബുംറ പരുക്കില്‍ പുറത്തായ സാഹചര്യത്തില്‍ ടീമിലെ രണ്ടാമത്തെ അനുഭവ സമ്പന്നനായ സീമര്‍ ഭുവനേശ്വറാണ്. അദ്ദേഹത്തിന് നായകന്‍ പന്ത് നല്‍കുന്നതില്‍ തെറ്റുമില്ല. അതിവേഗക്കാരനല്ല ഭൂുവനേശ്വര്‍. സാധാരണ മീഡിയം പേസര്‍. പന്തില്‍ ഒരു വിത്യസ്തതയും കാണിക്കാന്‍ കഴിയാത്ത ഭുവനേശ്വര്‍ റണ്‍സ് വഴങ്ങുന്നതില്‍ അല്‍ഭുതവുമില്ല.
മാത്യു വെയിഡെ എന്ന ഓസീസ് ബാറ്റര്‍ മൊഹാലിയില്‍ ഭുവനേശ്വറിനെ നിരന്തരം അതിര്‍ത്തി കടത്തി. ആളില്ലാത്ത സ്ഥലത്തേക്ക് ഷോട്ട് പായിച്ചാണ് വെയിഡെ മികവ് കാട്ടിയത്. എന്നിട്ടും തന്റെ പന്തില്‍, ശൈലിയില്‍ മാറ്റം വരുത്താന്‍ ഭുവനേശ്വറിനായില്ല. പതിനെട്ടാം ഓവര്‍ എറിഞ്ഞ ഹര്‍ഷല്‍ പട്ടേല്‍ വഴങ്ങിയത് 22 റണ്‍സ്. നാളെ പരമ്പരയിലെ രണ്ടാം മല്‍സരം നാഗ്പ്പൂരില്‍ നടക്കുമ്പോള്‍ ദ്രാവിഡും രോഹിതും തലപുകക്കുന്നത് അവസാന ഓവറുകള്‍ ആര്‍ക്ക് നല്‍കുമെന്നതാണ്. ബുംറക്ക് വിശ്രമം അനുവദിച്ചാല്‍ ഭുവനേശ്വര്‍ തന്നെ പുതിയ പന്തെടുക്കേണ്ടി വരും. മുഹമ്മദ് ഷമി കോവിഡില്‍ പുറത്തായതിനാല്‍ രണ്ടാം സീമര്‍ അര്‍ഷദിപ് സിംഗാവാം. ഉമേഷ് യാദവിന് അവസരമുണ്ടാവില്ല. ലോകകപ്പിന് മുമ്പ് കോച്ചും നായകനും എവിടെ നിന്ന് ഡെത്തുകാരെ കണ്ടെത്തും.