അശ്‌റഫ് തൂണേരി
ദോഹ: 22 നിലകള്‍. അഥവാ 22 ഡെക്കുകള്‍. 2,626 കാബിനുകള്‍. 7 നീന്തല്‍ക്കുളങ്ങള്‍. 13 വേള്‍പൂളുകള്‍. ലോകമെമ്പാടുമുള്ള കൊതിയൂറും ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുന്ന, പാനീയങ്ങള്‍ സുലഭമായ 33 റെസ്‌റ്റോറന്റുകളും ലോഞ്ചുകളും. നാല്‍പ്പതിനായിരം മീറ്റര്‍ സ്‌ക്വയര്‍ പൊതുഇടം. 766 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഉള്‍വിസ്തീര്‍ണ്ണമുള്ള 7 മുറികളുള്ള വിനോദത്തിനും ബൗദ്ധികോന്മേഷത്തിനുപകരിക്കുന്ന 22 ജീവനക്കാരുള്ള ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍. ജനനം മുതല്‍ 17 വയസ്സ് വരെ കുട്ടികള്‍ക്കുള്ള വിവിധ സേവനങ്ങള്‍. സംഗീതം, നൃത്തം തുടങ്ങിയവയാല്‍ സമ്പന്നമായ പനോരമ ലോഞ്ച്. സവിശേഷതകള്‍ ഇനിയുമേറെയാണ് ദോഹ തുറമുഖ തീരത്തണഞ്ഞ ലോകോത്തര ക്രൂയിസ് കപ്പലായ എം.എസ്.സി വേള്‍ഡ് യൂറോപ്പക്ക്.
ഖത്തര്‍ ഫിഫ ലോകകപ്പിനെത്തുന്ന 6,700 ആരാധകരെയാണ് ആഢംബരങ്ങളുടെ ഈ രാജകുമാരി സ്വീകരിക്കുക. ചെക്ക് ഇന്‍ചെയ്ത് പ്രവേശിക്കുമ്പോള്‍ മുതല്‍ ഊഷ്മളമായ സ്വീകരണമാണ് കപ്പലില്‍ ലഭിക്കുക. ”ഇതൊരു കപ്പല്‍ മാത്രമല്ല ഫ്‌ളോട്ടിംഗ് ഹോട്ടല്‍ കൂടിയാണ്. ഒഴുകിക്കൊണ്ടേയിരിക്കുന്ന അത്യാഢംബര ഹോട്ടല്‍. ഏറെ ആഹ്ലാദവാനാണ് ഞാന്‍. ഖത്തറില്‍ തൊഴില്‍ തേടിയെത്താന്‍ ആഗ്രഹിച്ചു ഏറെ അലഞ്ഞതാണ്. പക്ഷെ ഇപ്പോഴെത്തിയത് ലോകകപ്പ് ആരാധകര്‍ക്ക് സേവനം ചെയ്യാനാണ്.” കപ്പലിന്റെ പതിനാറാം ഡെക്കില്‍ കാബിന്‍ സ്റ്റിവാഡായ ഫിലിപ്പിനോ സ്വദേശി ഹാര്‍ലി നാരിസ്‌കോ പറഞ്ഞു. പ്രകൃതി സൗഹൃദ ഇന്ധനമായ ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് (എല്‍.എന്‍.ജി) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഏക കപ്പല്‍ കൂടിയാണ് എം.എസ്.സി വേള്‍ഡ് യൂറോപ്പ. ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണും സി.ഇ.ഒ.യുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി ഇന്നലെ ക്ഷണിക്കപ്പെട്ടവര്‍ക്കായി നടത്തിയ ചടങ്ങില്‍ കപ്പിലിന്റെ പേരുവിളിച്ചു.