ബി.ജെ.പി ഗവൺമെന്റിന്റെയും പ്രധാന മന്ത്രിയുടെയും പ്രതാപം കുത്തനെ ഇടിയുന്നുവെന്നും കർമ്മ നിരതനായ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഇന്ത്യ മുന്നണി രാജ്യത്തിന്റെ രക്ഷക്ക് എത്താൻ പോകുന്നു എന്ന മുന്നറിയിപ്പാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യാ രാജ്യം കണ്ടതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കാർ സഭയിൽ ഗവണ്മെന്റിന് വേണ്ടി സ്തുതികീർത്തനങ്ങൾ പറയുന്നത് കേട്ടു. ഈ ഗവണ്മെന്റിനെ സ്തുതിക്കുന്നത് ഐസ് കട്ടക്ക് മേലെ പെയിന്റ് അടിക്കുന്നത് പോലെയാണ്. അതിന് സ്ഥായിയായ നിലനിൽപ്പില്ല. ബിജെപിക്ക് എന്തെല്ലാം ദിവാസ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. ഭരണഘടന മാറ്റി എഴുതണം, ഏകസിവിൽകോഡ് ഉണ്ടാക്കിയെടുക്കണം, സി.എ.എ പുനരാവിഷ്‌കരിക്കണം, ന്യൂനപക്ഷ അവകാശങ്ങൾ പൊളിച്ചെഴുതണം, ഇന്ത്യയെ ഒരു ഹിന്ദുത്വ രാജ്യമാക്കണം, ഈ നാടിനെ ആർ.എസ്.എസ് പ്രത്യയ ശാസ്ത്രത്തിന്റെ വളർത്തു ഭൂമിയാക്കണം… ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ. നിങ്ങളുടെ ആവേശവും പ്രതീക്ഷയും സങ്കൽപ്പങ്ങളുമെല്ലാം ഈ മണ്ണിൽ തകർന്നടിഞ്ഞു. ദൈവത്തിന് നന്ദി. -അദ്ദേഹം പറഞ്ഞു.
ബിജെപി ചെയ്തത് ഹീനമായ വിധത്തിലുള്ള വർഗീയത കൊണ്ട് കളിക്കലാണ്. അതാകട്ടെ നിങ്ങളെ തിരിഞ്ഞു കൊത്തി. ന്യൂനപക്ഷ മുസ്ലിം വിരുദ്ധത നിങ്ങൾ ലജ്ജയില്ലാതെ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. ഹിന്ദു മുസ്ലിം വിഭജനമുണ്ടാക്കി അതിലൂടെ മുതലെടുപ്പ് നടത്താമെന്ന് നിങ്ങൾ കണക്ക് കൂട്ടി. അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസബാദിൽ ബിജെപി തകർന്നടിഞ്ഞത് ഒരു ഉദാത്തമായ മാതൃകയാണ്.
എന്തെല്ലാം പ്രലോഭനങ്ങളും പ്രകോപനങ്ങളും ഉണ്ടായിരുന്നാലും മാതൃഭൂമിയെ അകറ്റാൻ തങ്ങൾ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ഈ ഇലക്ഷനിലൂടെ ബിജെപിക്ക് നേരിട്ട തിരിച്ചടിയിലൂടെ നമ്മൾ കണ്ടത്. മുസ്ലിംകളെ നിങ്ങൾ നുഴഞ്ഞു കഴറ്റക്കാർ എന്ന് വിളിച്ചു. രാജ്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു സമൂഹത്തെ നിങ്ങൾ അവഹേളിച്ചു.
ഇന്ത്യ മുന്നണി വിജയിച്ചു വന്നാൽ മറ്റുള്ളവരുടെ സമ്പത്ത് പിടിച്ചെടുത്ത് മുസ്ലിംകൾക്ക് നൽകുമെന്നും, ഹൈന്ദവ സ്ത്രീകളുടെ മംഗല്യസൂത്ര അടിച്ചെടുത്ത് മറ്റുള്ളവർക്ക് നൽകുമെന്നും നിങ്ങൾ പ്രചരിപ്പിച്ചു. ഇന്ത്യൻ ജനതയുടെ നഷ്ട വസന്തങ്ങൾ തിരിച്ചു പിടിക്കുന്നതിന്റെ ശോഭനചിത്രമാണ് ഇന്ത്യൻ രാഷ്ട്രീയ ചക്രവാളത്തിൽ ഉയർന്ന് വരുന്നതെന്നും ഇ. ടി പറഞ്ഞു.