X

സംസ്ഥാനത്ത് പച്ചക്കറിക്കും മീനിനും തീവില

കുടുംബ ബജറ്റിനെ താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതാണ് മീനിന്റെ വില വര്‍ധിക്കാന്‍ കാരണം.

തക്കാളിയുടെ ചില്ലറവില കിലോഗ്രാമിന് നൂറ് രൂപയായിരിക്കുകയാണ്. കറികളില്‍ മലയാളികള്‍ പ്രധാനമായി ഉപയോഗിക്കുന്ന മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. കിലോഗ്രാമിന് 200 രൂപ വരെയാണ് വില വര്‍ധിച്ചത്. ബീന്‍സ് 140, ഇഞ്ചി 200, കാരറ്റ് 120 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ ഉയര്‍ന്ന വില. തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ ലഭ്യതയില്‍ ഇടിവ് ഉണ്ടായതാണ് വില ഉയരാന്‍ കാരണം.

പച്ചക്കറിയുടെ വില ഉയര്‍ന്നതോടെ മീന്‍ വാങ്ങി കറിവെയ്ക്കാം എന്ന് കരുതി മാര്‍ക്കറ്റില്‍ പോയാലും കണക്കുകൂട്ടലുകള്‍ തെറ്റും. ജനപ്രിയ മീനായ ചാളയ്ക്ക് കിലോഗ്രാമിന് 300 മുതല്‍ 400 രൂപ വരെയാണ് വില. സാധാരണ നൂറ് രൂപയോടടുപ്പിച്ചാണ് ഇതിന്റെ വില വരാറ്. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് മീന്‍ വില കുതിച്ച് ഉയരാന്‍ കാരണം. ആവശ്യം നേരിടാന്‍ തൂത്തുക്കുടിയില്‍ നിന്നും മറ്റും മീന്‍ എത്തിക്കാനാണ് മത്സ്യക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്.

webdesk13: