പി.എം.കെ കാഞ്ഞിയൂര്‍
മയക്കുമരുന്ന് ലഹരിക്കെതിരെ പ്രത്യേക ജാഗ്രതയും തീരുമാനങ്ങളും നടപ്പാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിന്റെ നിലപാട് പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹമാണ് എന്ന് തോന്നാമെങ്കിലും അതിന്റെ പിന്നിലും മറ്റു ചില അജണ്ടകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് സംശയികേണ്ടിയിരിക്കുന്നു. അധികാരം കിട്ടിയാല്‍ നിലവിലുള്ള മദ്യത്തിന്റെ അളവില്‍ ഒരുതുള്ളി പോലും വര്‍ധിപിക്കില്ല, പൂട്ടിയ ബാറുകളൊന്നും തുറക്കില്ല, കേരളത്തെ മദ്യമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ് മുന്നണി എന്ന് പറഞ്ഞു വോട്ട് വാങ്ങി ജയിച്ചു അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞതിന് കടകവിരുദ്ധമായി ഉളുപ്പിന്റെ അംശം ലേശംപോലും ഇല്ലാതെ പൂട്ടിയ ബാറുകളും അതിന്റെ രണ്ടിരട്ടി പുതിയ മദ്യശാലകളും തുറന്നുകൊടുത്ത് മദ്യത്തിന്റെ വില്‍പനയിലും ലഭ്യതയിലും സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചു അതും വികസന മായി പറഞ്ഞു അഭിമാനം കൊള്ളുന്നവരാണ് ഇടത് സര്‍ക്കാര്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.
ഇപ്പോള്‍ യുവാക്കളേയും കുട്ടികളേയും ചെറുപ്പം മുതലെ മദ്യപാനികളാക്കുക എന്ന ലക്ഷ്യത്തോടെ വീര്യം കുറഞ്ഞമദ്യം, പാഴായി പോകുന്ന പഴച്ചാറുകളില്‍ നിന്നാണ് എന്നൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞ് വളരുന്ന തലമുറയെ മദ്യപാനികളാക്കി മാറ്റാവുന്ന വിധത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നു. അങ്ങനെ ജനങ്ങളുടെ ചിന്താശേഷിയെ മരവിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേരള ജനതയെ പാകപ്പെടുത്താനും അതോടൊപ്പം മദ്യത്തിന്റെ ഉപയോഗവും വില്‍പ്പനയും വര്‍ധിപ്പിച്ചു മദ്യ മുതലാളിമാര്‍ക്കും സര്‍ക്കാരിനും അമിത വരുമാനം ഉണ്ടാക്കാനും വേണ്ടിയുള്ള കുടില തന്ത്രത്തിന്റെ ഭാഗമാണോ ഇപ്പോള്‍ ‘മയക്കുമരുന്ന്, പുകയില, ലഹരി വ്യാപനത്തിനെതിരെ’ എന്ന് പറഞ്ഞുകൊണ്ട്, അവയില്‍ നിന്നും മദ്യലഹരി വിപത്തിനെ ബോധപൂര്‍വം ഒഴിവാക്കിയുള്ള സര്‍ക്കാരിന്റെ പുതിയ ലഹരിവിരുദ്ധ കാമ്പയിന്‍ പദ്ധതി എന്നത് കൊണ്ടുതന്നെയാണ് സംശയം തോന്നുന്നത്.
സര്‍ക്കാര്‍ പറയുന്ന അപകടകരമായ ലഹരി വസ്തുക്കളുടെ പട്ടികയില്‍ മദ്യലഹരി ഇല്ല എന്നത് പ്രതിഷേധാര്‍ഹമാണ്. മയക്കുമരുന്ന്, പുകയില വസ്തുക്കളുടെ ലഹരി മാത്രമാണ് പ്രശ്‌നമായി സര്‍ക്കാര്‍ കാണുന്നത്. ലഹരിയുടെ ഉപയോഗം കാരണം നാട്ടില്‍ നടമാടികൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ തൊണ്ണൂറ് ശതമാനവും മദ്യത്തിന്റെ ലഹരി കാരണമായാണ് എന്ന് കാണാവുന്നതാണ്. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ച ലഹരിയില്‍ ചെയ്ത കൊലപാതകങ്ങളുടേയൊ അക്രമങ്ങളുടേയൊ കേസുകള്‍ ഒന്നുപോലും കാണാനാവില്ല. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ വായക്കകത്ത് മറ്റും അസുഖങ്ങള്‍ വന്നേക്കാം. എന്നാലും മദ്യപാനികള്‍ക്ക് ഉണ്ടാകുന്ന അത്രയും മാരക അസുഖങ്ങള്‍ വരില്ല. എന്നിട്ടും പുകയില ഉത്പന്നങ്ങള്‍ നിരോധിത വസ്തുവാണ്. പാന്‍പരാഗ് പോലുള്ളവയിലെ പ്രധാന ചേരുവ അടക്കയാണ്. രാജ്യത്ത് കൂടുതല്‍ അടക്ക ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്. കള്ളിന്റ ദൂഷ്യമായ വിപത്തിനേക്കാള്‍ സര്‍ക്കാരിന് പ്രാധാന്യം ചെത്ത് തൊഴിലാളകളുടെ സംരക്ഷണത്തിനാണ് എന്ന മാനദണ്ഡവും പരിഗണനയും അടക്കയുടെ കാര്യത്തിലും കാണിക്കേണ്ടതല്ലേ? സമൂഹത്തില്‍ നടക്കുന്ന എല്ലാ അക്രമങ്ങളും കൊലപാതകങ്ങളും മറ്റും വാഹനാപകടങ്ങള്‍ക്കും മുഖ്യ ഹേതു മദ്യലഹരിയാണ് എന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. കേരളത്തില്‍ ലഹരി ഉപയോഗിക്കുന്നവരില്‍ ഏറിയ പങ്കും മദ്യ ലഹരി ഉപയോഗിക്കുന്നവരാണ്. ജനസംഖ്യയുടെ മുപ്പതു ശതമാനം പേര്‍ മദ്യം ഉപയോഗിക്കുന്നവരാണ് എന്നായിരുന്നു പഴയ കണക്ക്. പുതിയതായി തുറന്ന മദ്യശാലകളും അധികരിപ്പിച്ച മദ്യവില്‍പ്പനയും വെച്ചുനോക്കുമ്പോള്‍ മദ്യപാനികളുടെ ശതമാനം ഇപ്പോള്‍ വളരെ കൂടുതലായിട്ടുണ്ട്. കേരള ജനതയെ മൊത്തത്തില്‍ മദ്യപാനികളാക്കി മാറ്റുകയും അതിലൂടെ ഹീനമായ രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. ലഹരി വിപത്തിനെതിരെ പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും സര്‍ക്കാരിന് ഒരല്‍പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ സമൂഹത്തെ ഒന്നാകെ നശിപ്പിക്കുന്ന മദ്യലഹരിയെ ഇത്രമാത്രം പ്രോല്‍സാഹിപ്പിക്കുക ഇല്ലായിരുന്നു എന്ന യാഥാര്‍ഥ്യം എല്ലാവരും മനസ്സിലാക്കണം. മയക്കുമരുന്നിന്റെ ലഹരിയും ഉപയോഗവും അതീവ ഗുരുതരമാണ് എന്നതില്‍ തര്‍ക്കമില്ല. അതിന്റെ വ്യാപനം ഇത്രമാത്രം അധികരിക്കാനുള്ള കാരണങ്ങളില്‍ ചിലത് മദ്യപാനികളുടെ ആധിക്യമാണ് എന്നും കാണാവുന്നതാണ്.
ലഹരി വിപത്തുകളില്‍നിന്നും നാടിനെ രക്ഷിക്കാന്‍ മയക്കുമരുന്ന്, പുകയില ലഹരിക്കെതിരെ മാത്രം കാമ്പയിന്‍ നടത്തിയാല്‍ മതിയാവില്ല. മദ്യം ഉള്‍പ്പെടെ എല്ലാ ലഹരി വസ്തുക്കള്‍കെതിരേയു ബോധവത്കണവും ജാഗ്രതയും ഉണ്ടാവണം. ഒരു കൈകൊണ്ട് മദ്യം വിളമ്പി കൊടുക്കാന്‍ ലൈസന്‍സ് നല്‍കുകയും മറ്റേ കൈകൊണ്ട് മദ്യം ആരോഗ്യത്തിന് ഹാനികരമാണ്, വര്‍ജിക്കണം, നാട് ലഹരി മുക്തമാക്കണം എന്നൊക്കെ പറയുന്ന വൈരുധ്യാത്മക നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനാല്‍ നിയോഗിക്കപ്പെട്ട എക്‌സൈസ് വകുപ്പിനെതന്നെ പുതിയ കാമ്പയിന്‍ ചുമതലയും ഏല്‍പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.