X

ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണും, പ്രതിഷേധ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ചേരുന്ന യോഗത്തില്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണും. ഗുസ്തി താരങ്ങളുടെ പ്രതിഷേധ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നു ഹരിയാനയില്‍ നടക്കുന്ന യോഗത്തില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരത്തിന് ഭാവി രൂപം നല്‍കുന്നതിനായി ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുള്ള സോറം ഗ്രാമത്തില്‍ ചേര്‍ന്ന ഖാപ് പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരും ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് തന്ത്രമാണ് ഇനി സ്വീകരിക്കേണ്ടത് എന്നത് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. ഇതിനായി എല്ലാ ഖാപ് പഞ്ചായത്തുകളുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും ടിക്കായത്ത് ഓര്‍മ്മിപ്പിച്ചു. ഈ പോരാട്ടത്തില്‍ തങ്ങള്‍ തോല്‍ക്കില്ല. ഹിന്ദു മുസ്‌ലിം പേര് പറഞ്ഞു സമൂഹത്തെ വിഘടിപ്പിക്കുന്നതുപോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗുസ്തി സമരത്തേയും നേരിടുന്നത്. ഒരു സമുദായത്തിന്റെ മാത്രം സമരം ആണെന്നാണ് പറയുന്നത്. ഇത് രാജ്യത്തിന്റെ സമരം ആണ്. ത്രിവര്‍ണ പതാക ആണ് അതിന്റെ നിറമെന്നും ടിക്കായത് പറഞ്ഞു. ബ്രിജ് ഭൂഷണ്‍ മാര്‍ച്ച് നടത്തട്ടെ, ഞങ്ങളും മാര്‍ച്ച് നടത്തും. ഞങ്ങള്‍ക്കും സ്വന്തമായി ട്രാക്റ്റര്‍ ഉണ്ട്. ട്രാക്റ്ററുകള്‍ വാടകയ്ക്ക് എടുത്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മെഡലുകള്‍ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാനുള്ള ഗുസ്തി താരങ്ങളുടെ തീരുമാനത്തില്‍ ഇടപെട്ടത് കര്‍ഷക സംഘടനകളായിരുന്നു. ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് മെഡലുകള്‍ ഒഴുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് കര്‍ഷക സംഘടനാ നേതാക്കളാണ്. കര്‍ഷക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് തത്കാലം പിന്‍വാങ്ങിയെങ്കിലും അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് പ്രഖ്യാപിച്ചാണ് കായിക താരങ്ങള്‍ മടങ്ങിയത്. നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കര്‍ഷക സംഘടനകള്‍ ഖാപ് പഞ്ചായത്ത് ചേരാന്‍ തീരുമാനിച്ചത്. വനിതാ ഗുസ്തി താരങ്ങള്‍ളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധ രംഗത്താണ്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബ്രിജ് ഭൂഷണെതിരെ പോക്‌സോ വകുപ്പ് അടക്കം ഉപയോഗിച്ച് കേസെടുത്തിരുന്നെങ്കിലും ഇതുവരെയും അറസ്റ്റു ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ല.

അതേസമയം തനിക്കെതിരെ ഒരു കേസെങ്കിലും തെളിയിക്കാനായാല്‍ ആത്മഹത്യ ചെയ്യുമെന്നും തെളിവുണ്ടെങ്കില്‍ താരങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നുമാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്. നടപടി എടുക്കാന്‍ തയാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷണ് അനുകൂലമായ നിലപാടാണ് ഇതുവരെ കൈക്കൊണ്ടത്. പൊലീസ് അന്വേഷണം കഴിയും വരെ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് കേന്ദ്ര കായിക മന്ത്രി ആവശ്യപ്പെടുന്നത്.

ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന ബി.ജെ.പി നിലപാടില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തി പുകയുകയാണ്. ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍ നേതൃത്വം നല്‍കുന്ന സമരം അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കി. എന്നാ ല്‍ പ്രശ്‌നം പരിഹരിക്കേണ്ടത് കേന്ദ്രമാണെന്നാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറി ന്റെ വാദം.

webdesk11: