X

മുറിയില്‍ രാസലഹരിയുടെ സാന്നിധ്യം; ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് അപ്പീല്‍ നല്‍കും

ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധനാ റിപ്പോര്‍ട്ടിലാണ് രാസ ലഹരിയുടെ അംശമണ്ടെന്ന് കണ്ടെത്താനായത്. റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും

ഓം പ്രകാശുമായി ബന്ധപ്പെട്ട് ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രയാഗ മാര്‍ട്ടിന്റേയും ശ്രീനാഥ് ഭാസിയുടേയും പേരുണ്ട്. താരങ്ങള്‍ ഓം പ്രകാശിന്റെ ആഢംബര ഹോട്ടല്‍ മുറിയില്‍ വന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുറിയില്‍ രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതുകൊണ്ടുതന്നെ താരങ്ങളെയും ചോദ്യം ചെയ്‌തേക്കും.

ഓംപ്രകാശ് താമസിച്ചിരുന്ന കൊച്ചിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ ഇന്നലെ ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. താരങ്ങള്‍ മുറിയിലെത്തിയത് ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാനാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. താരങ്ങളെ മുറിയിലെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

ഓം പ്രകാശിനെ ആഡംബര ഹോട്ടലില്‍നിന്ന് കൊച്ചി മരട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയ ഇയാളോടൊപ്പം ഷിഹാസിനെയും പിടികൂടിയിരുന്നു. ലഹരിവസ്തുക്കള്‍ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്. എന്നാല്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് ഓം പ്രകാശിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ചോദ്യംചെയ്യുന്നതിനിടയില്‍ മുറിയില്‍ വന്നവരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥ് ഭാസിയും പ്രായാഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടര്‍ന്ന് സിസിടിവി പരിശോധനയില്‍നിന്ന് താരങ്ങള്‍ എത്തിയതായി വിവരം ലഭിച്ചു. ഹോട്ടല്‍ രജിസ്റ്ററിലും ഇരുവരുടെയും പേര് രേഖപ്പെടുത്തിയിരുന്നു.

അതേസമയം ഇരുവര്‍ക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന സൂചനയുമുണ്ട്. ബിനു ജോസഫിനോടൊപ്പമാണ്് ഇവര്‍ ഹോട്ടല്‍ മുറിയിലെത്തിയത്. കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബോബി ചലപതി എന്ന പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.

 

webdesk17: