തൃശ്ശൂർ: മൂർഖൻ പാമ്പിനെ തോളിൽ ഇട്ട് അഭ്യാസ പ്രകടനം നടത്തിയ യുവാവിന് പാമ്പിൻ്റെ കടിയേറ്റു. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചാണ് യുവാവിന് പാമ്പിൻ്റെ കടിയേറ്റത്. കൊല്ലം പാരിപ്പിള്ളി അനിൽ ഭവനിൽ സുനിൽകുമാറിനാണ് പാമ്പിൻ്റെ കടിയേറ്റത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ വടക്കേ നടയിലെ ഗേറ്റിന് സമീപത്തുള്ള സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ പാമ്പിനെ കണ്ടെത്തിയിരുന്നു. പിന്നാലെ സുരക്ഷ ജീവനക്കാരും പോലീസും ചേർന്ന് പാമ്പിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ചുവിട്ടു.
നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പിനെ സുനിൽ കുമാർ പിന്തുടര്‍ന്നു പിടികൂടി സുരക്ഷാ ജീവനക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നു. പാമ്പുമായി അഭ്യാസപ്രകടനം നടത്തിയ സുനിൽ കുമാറിനെ പൊലീസ് ശകാരിച്ച് പാമ്പിനെ വിടാൻ ആവശ്യപ്പെട്ടെങ്കിലും സുനിൽ കുമാർ അതിന് തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെ സുനിൽ കുമാറിന് പാമ്പിൻ്റെ കടിയേൽക്കു കയായിരുന്നു. കടിയേറ്റ ഉടനെ പാമ്പിനെ സുനിൽ കുമാർ ജീവനക്കാരുടെ നേരെ വലിച്ചെറിയുകയായിരുന്നു.