X

ക്ഷമ വിശ്വാസിയുടെ ശക്തി-റാശിദ് ഗസ്സാലി

ക്ഷമയുടെ നെല്ലിപ്പടി കാണുക, എന്റെ ക്ഷമ നശിച്ചു, ക്ഷമ പരീക്ഷിക്കരുത്, ക്ഷമക്കൊക്കെ ഒരു അതിരുണ്ട് തുടങ്ങിയ സമൂഹ വ്യവഹാരത്തിലെ സാധാരണ പ്രയോഗങ്ങള്‍ മനുഷ്യ ബന്ധങ്ങളില്‍ ക്ഷമ എത്രമാത്രം പ്രസക്തമാണ് എന്ന് വിളിച്ചോതുന്നുണ്ട്. കുടുംബ ജീവിതത്തിന്റെ സൈ്വരം കെടുന്നതും സൗഹൃദങ്ങളുടെ സൗന്ദര്യം നഷ്ടമാകുന്നതും ജീവിതത്തിന്റെ സൗഭാഗ്യങ്ങളില്‍ പലതും കൈവിട്ട് പോകുന്നതും ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ പോകുമ്പോഴാണ്.ക്ഷമയെന്നാല്‍ ദേഷ്യം പിടിക്കാതിരിക്കലാണ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മില്‍ പലരും. ക്ഷമ ഒരു മഹത്തായ ജീവിത മൂല്യമാണ്. അത് ഒട്ടുമിക്ക നന്മകളുടെയും താക്കോല്‍ കൂടിയാണ്.

ജീവിതത്തിന്റെ പരിമിതികളുമായി പൊരുത്തപ്പെടുക, നിനച്ചിരിക്കാതെ വന്നുപെടുന്ന പരീക്ഷണങ്ങളെ മനസ്സ് പതറാതെ ഉള്‍ക്കൊള്ളുക, തന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കാര്യങ്ങള്‍ കാണുമ്പോള്‍ വികാരം കൊള്ളാതെ വിചിന്തനം ചെയ്യുക, ഒപ്പം തന്നോട് അന്യായവും അതിക്രമവും കാണിക്കുന്നവരോട് പോലും മോശമായി പ്രതികരിക്കാതെ നാവും കരവും നിയന്ത്രിക്കുക തുടങ്ങിയ അത്യപൂര്‍വ നന്മകളുടെ ആകത്തുകയാണ് ക്ഷമ.

പ്രവാചകര്‍ അരുളി: ‘വിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്, അവന് വല്ല സന്തോഷങ്ങളും ഉണ്ടായാല്‍ ഹൃദയമറിഞ്ഞ് നന്ദി പറയും, എന്നാല്‍ സങ്കടങ്ങളോ പ്രയാസങ്ങളോ ആണ് സംഭവിക്കുന്നതെങ്കില്‍ ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് കരുതി പൂര്‍ണമായ ക്ഷമ കൈക്കൊള്ളുയും ചെയ്യും. ഇത് രണ്ടും അവന് അനല്‍പമായ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും വര്‍ഷിക്കാന്‍ കാരണമാണ്.’ക്ഷമയുള്ള ഇരുപത് പേര്‍ ഇരുന്നൂറു പേരെ അതിജീവിക്കുമെന്ന ഖുര്‍ആനിക പാഠം പ്രതിരോധ ഘട്ടങ്ങളില്‍ പോലും ക്ഷമ ഒരു ശക്തമായ ആയുധമായി മാറുന്നതിന്റെ നേര്‍സാക്ഷ്യമാണ്. ജീവിതം കല്ലും മുള്ളും നിറഞ്ഞതാണ് എന്നത് കവിതകളിലും കഥകളിലും മാത്രം വായിക്കാനുള്ളതല്ല. പച്ചയായ ജീവിതയാഥാര്‍ഥ്യമായി ഉള്‍കൊണ്ട് ശീലിക്കാന്‍ കൂടിയുള്ളതാണ്.

വ്രതം ക്ഷമയുടെ ആഘോഷമാണ്. ആഗ്രഹങ്ങള്‍ ഉണ്ടായിട്ടും വേണ്ടെന്നുവെക്കുന്ന മനസിന്റെ ഔന്യത്യത്തെയാണ് അത് വളര്‍ത്തുന്നത്. ക്ഷമയുടെ പ്രതിഫലം അപരിമേയമാണ്. അത് ദൈവത്തിനു അത്രമേല്‍ പ്രിയപ്പെട്ട സ്വഭാവശീലങ്ങളില്‍ പെട്ട ഒന്നാണ്.തന്നെക്കാള്‍ ശക്തരായവരോട് ക്ഷമിക്കുന്നത് ഉദാഹരിച്ച് ക്ഷമാശാലികളാണ് എന്ന് പറയുന്നത് മൗഢ്യമാണ്. നമ്മുടെ കീഴിലും നിയന്ത്രണത്തിലുമുള്ളവരോട് ക്ഷമിക്കാനാവണം. ഉറഞ്ഞ് തുള്ളാന്‍ വെമ്പുന്ന ഘട്ടങ്ങളില്‍ ക്ഷമയോടെ നിലപാടെടുക്കാനും വിവേകപൂര്‍വം കാര്യങ്ങള്‍ ക്രമപ്പെടുത്താനും കഴിയണം. ക്ഷമാശീലര്‍ക്ക് തന്നെയാണ് ആത്യന്തികമായ വിജയം.

Test User: