സ്വാതന്ത്ര്യ സമര ഭടന്‍മാര്‍ക്ക് ഉണര്‍വേകിയ കവിതയായിരുന്നു രവീന്ദ്രനാഥ ടാഗോറിന്റെ ജനഗണമന. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയ ഗാനവും ജനഗണമനയായിരുന്നു. 1912 ജനുവരിയില്‍ തത്വബോധി എന്ന പത്രികയിലാണ് ഭാരത് വിധാത എന്ന ശീര്‍ഷകത്തില്‍ ഈ ഗാനം ആദ്യം പ്രസിദ്ധീകരിച്ചത്. തത്വബോധിനി പത്രികയുടെ പത്രാധിപര്‍ കൂടിയായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. ബ്രിട്ടീഷ് നിയമങ്ങള്‍ക്കോ പൊതുനടപ്പിനോ ഇണങ്ങുംവിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്നു ടാഗോര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പൂര്‍ണമായി പിന്തുണച്ചിരുന്നു. ഗാന്ധിജിയെ ആദ്യമായി മഹാത്മ എന്ന് സംബോധന ചെയ്തത് ടാഗോറായിരുന്നു. ഗാന്ധിജി അദ്ദേഹത്തെ ഗുരുദേവ് എന്നും വിളിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഇതിഹാസമായിരുന്നു. 1886-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ പൊതുസമ്മേളനം ആരംഭിച്ചത് രബീന്ദ്രനാഥ ടാഗോര്‍ ആലപിച്ച സമരഗാനത്തോടെയാണ്. ഇദ്ദേഹം സ്വദേശി പ്രസ്ഥാനത്തെ അനുകൂലിച്ചുപോന്നു.
കൊല്‍ക്കത്തയില്‍ 1890-ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്ദേമാതര ഗാനം അവതരിപ്പിക്കാന്‍ ടാഗോറിനെയാണ് ചുമതലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ കളകണ്ഠത്തില്‍നിന്നു പുറപ്പെട്ട ആ ഗാനാലാപനം സദസ്സില്‍ ആവേശത്തിന്റെ വേലിയേറ്റമുണ്ടാക്കി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രാക്ഷസീയമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് രബീന്ദ്രനാഥ ടാഗോര്‍ സര്‍ സ്ഥാനവും സ്ഥാന ചിഹ്നങ്ങളും ഉപേക്ഷിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ 1915 ലാണ് ടാഗോറിന് സര്‍ സ്ഥാനം നല്‍കി ആദരിച്ചത്. ബ്രിട്ടീഷ് വൈസ്രോയി ടാഗോറിനെ കവിപുംഗവന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.
ഭാരതത്തിന്റെ ഭരണഘടനാനിര്‍മാണസമിതി 1950 ജനുവരി 24 നാണ് ടാഗോറിന്റെ ജനഗണമന ദേശീയഗാനമായി അംഗീകരിച്ചത്. ബംഗ്ലാദേശിന്റേയും ദേശീയഗാനം ഇദ്ദേഹമാണ് രചിച്ചത്. അത് അമര്‍ സോനാര്‍ ബംഗ്ലയാണ്. രണ്ട് രചനകള്‍ രണ്ട് രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളായി മാറിയ ഒരേയൊരു കവിയാണ് അദ്ദേഹം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്തയില്‍ 1911 ഡിസംബറില്‍ നടന്ന സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടത്.
രവീന്ദ്രനാഥ ടാഗോര്‍ ദേശീയതയെക്കാള്‍ മാനവികതയെ പ്രതിഷ്ഠിച്ചു. ഗാന്ധിജിയോട് ടാഗോറിന് വലിയ ബഹുമാനമായിരുന്നു. എന്നാല്‍ ദേശീയത, ദേശസ്‌നേഹം, സാംസ്‌കാരിക ആശയങ്ങളുടെ കൈമാറ്റം, യുക്തിവാദം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്തരായിരുന്നു. ബംഗാളി സാഹിത്യത്തിലൂടെ ഇന്ത്യന്‍ സാംസ്‌കാരിക ബോധത്തിന് പുതുജീവന്‍ നല്‍കി. നോബല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ്. 1861 മെയ് ഏഴിന് കൊല്‍ക്കത്തയിലാണ് ജനിച്ചത്. അച്ഛന്‍ ദേവേന്ദ്രനാഥ ടാഗോര്‍, അമ്മ ശാരദാ ദേവി. 1941 ഓഗസ്റ്റ് ഏഴിന് ജീവിതത്തില്‍ നിന്നും വിടവാങ്ങി.