ഡോ. സി. മുഹമ്മദ് റാഫി
വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക, ഭരണം നഷ്ടപ്പെടാതെ നോക്കുക, സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക എന്ന ദുഷ്ടലാക്കോടെയാണ് ഫാഷിസം ഇന്ത്യയില്‍ അതിന്റെ പല്ലും നഖവും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക, ചരിത്ര പാരമ്പര്യത്തെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ബോധപൂര്‍വം പദ്ധതികള്‍ തയ്യാറാക്കിയ സംഘമാണ് ആര്‍.എസ്.എസ്.
ജാതി അടരുകളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയാണ് സംഘ്പരിവാര്‍ ഭരണ കുഞ്ചിക സ്ഥാനത്തേക്കുള്ള യാത്ര സുഗമമാക്കിയതും ഇപ്പോഴും അത് നിലനിര്‍ത്തുന്നതും നിശ്ചിത കാലത്തേക്ക് അത് തങ്ങള്‍ക്ക് സ്ഥിരമായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതും.
നൂറു കണക്കിന് എന്‍.ജി.ഒ മുഖങ്ങളിലൂടെ ഇന്ത്യയുടെ മുക്കു മൂലകളിലേക്ക് വേരാഴ്ത്തി എല്ലാ അര്‍ത്ഥത്തിലും ഇന്ത്യന്‍ വ്യവസ്ഥകളെ ഗ്രസിച്ചിരിക്കുന്ന ഒരു സംഘത്തെ കേവലം കവല ചട്ടമ്പികളെ പേടിപ്പിക്കുന്നത് പോലെ ഏതെങ്കിലും ഒരു പ്രദേശത്ത് പേടിപ്പിച്ചു നിര്‍ത്തല്‍ മാത്രമാണ് ബുദ്ധി എന്ന് കരുതുന്നത് വിവരക്കേടാണ്. അല്ലെങ്കിലും മിലിറ്റന്റ് പരിശീലനവും ആയുധം മറ്റൊരാള്‍ക്കെതിരെ ഉപയോഗിക്കാന്‍ മടിയില്ലാത്തവിധം വെറുപ്പും വിദ്വേഷവും കുത്തി നിറക്കപ്പെട്ട ഏതൊരു സംഘത്തെയും ആയുധം കാട്ടി പേടിപ്പിച്ചു നിര്‍ത്താമെന്ന് കരുതുന്നത് തന്നെ വിഢിത്തമാണ്. ഇത്തരം ആയുധ പ്രദര്‍ശനങ്ങള്‍ കൊണ്ടും വെട്ട് കുത്ത് കലാപരിപാടികള്‍ കൊണ്ടും സമാധാനം നഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകള്‍ സാധാരണക്കാരായ എല്ലാ മതങ്ങളിലും പെട്ട മനുഷ്യര്‍ മാത്രമാണ്. അറിഞ്ഞോ അറിയാതെയോ ഈ ആയുധ സംഘങ്ങള്‍ വിചാരിക്കുന്നതും അതാണെന്ന് കാണാം. ആ ചിന്തയില്‍ നിന്നാണ് ഞങ്ങളെ വിമര്‍ശിച്ചാല്‍ നേരിടും, നോക്കിക്കോ എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകള്‍ ആര്‍ക്കെതിരെയും ഇവര്‍ പറയാറുള്ളത്.
പ്രതിരോധ ആഹ്വാനങ്ങള്‍ക്ക് മതത്തെ കൂട്ടുപിടിക്കുമ്പോഴാണ് അത് ഏറ്റവും വലിയ ദുരന്തവും മത പണ്ഡിതന്‍മാര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഈ കാഴ്ചപ്പാട് ഒട്ടും ശരിയല്ല എന്ന് ഉറക്കെ വിളിച്ചു പറയേണ്ടിയും വരുന്നത്. ഈ ക്ഷോഭം കാണിക്കല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും എതിരാകുമ്പോഴാണ് ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള ഏതൊരാള്‍ക്കും പ്രതികരിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാകുന്നത് വര്‍ഗീയ കോമരങ്ങള്‍ക്ക് ആധുനിക ഇന്ത്യയില്‍ മാതൃക കാണിക്കുന്ന യോഗി ആദിത്യനാഥ് യു.പിയില്‍ കണ്ടെത്തിയ പുതിയ വിദ്യയാണ് അരപട്ടിണിയുമായി മല്ലിടുന്ന പാവങ്ങളെ വിശിഷ്യാ അവരിലെ മുസ്‌ലിംകളെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ബുള്‍ഡോസര്‍ കയറ്റി ജീവിത മാര്‍ഗങ്ങള്‍ ഇല്ലാതാക്കുക എന്നത്. ആ വിദ്യയാണ് ഡല്‍ഹിയിലും ബി.ജെ.പി പ്രാദേശിക ഭരണകൂടം നടപ്പിലാക്കാന്‍ തുനിഞ്ഞത്.
ഇവിടെ കേരളം ഒരു മാതൃക കാണിച്ചിട്ടുണ്ട്. വലിയ വര്‍ഗീയ കലാപങ്ങളിലേക്ക് എടുത്തെറിയപ്പെടാത്ത, മതേതരമായി എല്ലാവരും ഒരുമിച്ചു നില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ രൂപപ്പെടുത്തിയ, എല്ലാ മത വിശ്വാസികളും പല വഴികളില്‍ ഒന്നിച്ചിരിക്കുന്ന, പരസ്പരം അറിയാനും അടുക്കാനും സൗഹൃദം പങ്കിടാനും അവസരങ്ങളുണ്ടാകുന്ന ഒരു മാതൃക. അതില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ചരിത്രപരമായ പങ്കും വഹിച്ചിട്ടുണ്ട്. അവരുടെ അണികളെ അതിന്റെ ന്യായാന്യായങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.