ഗുജറാത്ത്: മുസ്‌ലിം സമുദായത്തില്‍ പെട്ട അഞ്ച് യുവാക്കളെ പരസ്യമായി തല്ലിയെന്ന ആരോപണം നേരിടുന്ന 4 പൊലീസുകാര്‍ക്കെതിരെ ഗുജറാത്ത് ഹൈക്കോടതി കോടതി അലക്ഷ്യ കുറ്റം ചുമത്തി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ്മാരായ എ എസ് സുപേഹിയ, ജസ്റ്റിസ് എം ആര്‍ മെങ്ഡെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കുറ്റം ചുമത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെ സംബന്ധിച്ച ഡി കെ ബസു കേസിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കേസിലാണ് കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്.
ഗുജറാത്തിലെ ഖേദ ജില്ലയിലെ മല്ലേക് കുടുംബത്തിലെ 5 മുസ്‌ലിംങ്ങളെ പരസ്യമായി തല്ലിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ഗുജറാത്ത് ഹൈക്കോടതി നടപടി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായ കല്ലേറിനെ തുടര്‍ന്നാണ് പൊലീസ് മുസ്‌ലിംങ്ങളെ പരസ്യമായി തല്ലിയത്. തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
തങ്ങളെ അറസ്റ്റ് ചെയ്തപ്പോള്‍ സുപ്രീം കോടതി ഡി കെ ബസു കേസില്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി. എ വി പര്‍മാര്‍, ഡി ബി കുമാവാത്, കനക്സിംഗ് ലക്ഷ്മണ്‍ സിംഗ്, രാജു രമേശ്ഭായ് ദാബി എന്നീ പൊലീസുകാര്‍ക്ക് എതിരയെയാണ് കോടതി അലക്ഷ്യ കുറ്റം ചുമത്തിയത്.
എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ഡി ബി കുമാവത്ത് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ കുമാവത്ത് അവിടെ ഉണ്ടായിരുന്നെന്നും, ഇരകളെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 4 പേര്‍ക്കെതിരെയും കുറ്റം ചുമത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഒക്ടോബര്‍ 11 നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പൊലീസുകാരോട് ഹൈക്കോടതി നിര്‍ദേശിച്ചു.