പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻ റിമാൻഡിൽ. കണ്ണൂർ എആർ ക്യാമ്പിലെ ഡ്രൈവർ സന്തോഷ് കുമാറിനെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി തന്നെ ഇയാളെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ഇയാളെ സബ് ജയിലിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ടാണ് കണ്ണൂർ ടൗണിലെ എൻ.കെ.ബി.ടി പമ്പിൽ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്. പെട്രോൾ അടിച്ചതിനു ശേഷം മുഴുവൻ പണവും നൽകാതെ പോവാൻ ശ്രമിച്ചപ്പോൾ ജീവനക്കാരൻ പള്ളിക്കുളം സ്വദേശി അനിൽ ബാക്കികൂടി നൽകാൻ ആവശ്യപ്പെട്ടു.
ഇതോടെ അനിലിനെ ഇടിച്ചിട്ട ശേഷം സന്തോഷ് കുമാർ വാഹനമോടിച്ച് പോവുകയുമായിരുന്നു. ബോണറ്റിൽ പിടിച്ചുകിടന്ന അനിലുമായി മുക്കാൽ കിലോമീറ്റർ ദൂരത്തോളം കാർ ഓടിച്ചുപോയി. ഭാഗ്യംകൊണ്ടാണ് അനിൽ രക്ഷപെട്ടത്. സംഭവത്തിൽ സന്തോഷ് കുമാറിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.