കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീയെ കടന്നുപിടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

കെഎസ്ആർടിസി ബസ്സിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്.

സ്ത്രീയുടെ പരാതിയെ തുടർന്ന് കോട്ടയം പൊൻകുന്നം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കോട്ടയത്ത് നിന്നും ബസ്സിൽ യാത്ര ചെയ്ത സ്ത്രീയെ പൊലീസുകാരൻ കടന്നു പിടിച്ചതായാണ് പരാതി.

ഇന്നലെയായിരുന്നു കേസിനാസ്‌പദമായ സംഭവം. ഒപ്പം യാത്ര ചെയ്‌തിരുന്ന പൊലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ യുവതി യാത്രാമധ്യേ മറ്റൊരു ബസ് സ്റ്റോപ്പിലിറങ്ങി. എന്നാൽ, പിന്തുടർന്നെത്തിയ അജാസ് മോൻ യുവതി കയറിയ ബസിൽ കൂടെ കയറുകയായിരുന്നു. തുടർന്ന്, ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ യുവതി ഫോണിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും വിവരമറിയിക്കുകയായിരുന്നു.

ഇവരെത്തി യുവതിയുമായി പൊൻകുന്നം സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതി ഒരു പൊലീസുകാരനാണെന്ന വിവരം അറിഞ്ഞത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

webdesk13:
whatsapp
line