ന്യൂഡല്‍ഹി: സ്ത്രീയെ തുറിച്ചുനോക്കിയെന്ന പരാതിയില്‍ പൊലീസുകാരന്‍ മുഖത്തടിച്ചതിന്റെ പ്രതികാരമായി നടുറോഡില്‍ സ്വന്തം ബൈക്ക് കത്തിച്ച് യുവാവിന്റെ പരാക്രമം. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിലാണ് സംഭവം. ബൈക്ക് അഗ്‌നിക്കിരയാക്കിയതിന് പിന്നാലെ ഇയാള്‍ പൊലീസിന് നേരേ കല്ലെറിഞ്ഞു. ഫുഡ് ഡെലിവറി എക്‌സിക്യൂട്ടിവായ നദീം(23) ആണ് പരിഭ്രാന്തി സൃഷ്ടിച്ചത്.
തൊട്ടടുത്തുള്ള ഫര്‍ണീച്ചര്‍ കടയിലേക്ക് തീ പടര്‍ന്നെങ്കിലും അഗ്‌നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ശനിയാഴ്ച ഒരു സ്ത്രീയെ തുറിച്ചുനോക്കിയെന്ന പരാതിയില്‍ നദീമിനെ പൊലീസുകാരന്‍ മുഖത്തടിച്ചിരുന്നു. ഓര്‍ഡര്‍ എടുക്കാനാണ് നദീം മാര്‍ക്കറ്റിലെ റെസ്‌റ്റോറന്റില്‍ എത്തിയത്. ഓര്‍ഡര്‍ കാത്ത് നില്‍ക്കുമ്പോള്‍ ഇതുവഴി പോയ ദമ്പതിമാരാണ് ഇയാള്‍ക്കെതിരേ പരാതി ഉന്നയിച്ചത്. നദീം തന്നെ തുറിച്ചുനോക്കിയെന്നായിരുന്നു ഭാര്യയുടെ ആരോപണം. ഇക്കാര്യം ഇവര്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍ അറിയിച്ചു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ നദീമിനെ ചോദ്യംചെയ്യുകയും മുഖത്തടിക്കുകയുമായിരുന്നു. ഞായറാഴ്ച ഇതേസ്ഥലത്ത് തിരിച്ചെത്തിയാണ് യുവാവ് സ്വന്തം ബൈക്കിന് തീയിട്ടത്. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.