പാലക്കാട്: കാട്ടിലെ കഞ്ചാവ് തോട്ടം നശിപ്പിക്കുന്നതിനും മാവോയിസ്റ്റുകളെ തിരയുന്നതിനുമായി കാട്ടില്‍ കയറി വഴിതെറ്റിയ പൊലീസ് ഉദ്യോഗസ്ഥരെ വനംവകുപ്പ് തിരിച്ചെത്തിച്ചു. അട്ടപ്പാടി വനത്തിനുള്ളിലാണ് പൊലീസുകാര്‍ വഴിതെറ്റി കുടുങ്ങിയത്. അഗളി ഡിവൈഎസ്പി എസ്.ജയകൃഷ്ണന്‍, പുതൂര്‍ എസ്‌ഐ വി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ വനംവകുപ്പാണ് കണ്ടെത്തിയത്. വനത്തിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയപ്പോള്‍ വഴിതെറ്റിയെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നു. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു.
മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിച്ചതിനാലാണ് കാട്ടില്‍ കുടുങ്ങിയ വിവരം അറിയിക്കാന്‍ സാധിച്ചതെന്ന് അഗളി ഡിവൈ.എസ്.പി ജയകൃഷ്ണന്‍ പറഞ്ഞു. കഞ്ചാവ് തോട്ടം പൂര്‍ണമായി നശിപ്പിച്ചു. കാട്ടിനുള്ളില്‍ കുറച്ച് ബുദ്ധിമുട്ടിയെന്നും ഭക്ഷണം തീര്‍ന്നതായും ഡിവൈ.എസ്.പി വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് കഞ്ചാവ് തോട്ടം തേടി അഗളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അട്ടപ്പാടി കാട്ടില്‍ പോയത്. പുതൂര്‍ സ്റ്റേഷന്‍ പരിധിയിലെ കാട്ടില്‍ വന്‍തോതിന്‍ കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.