എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്ന് പൊലീസ്. ജോലി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് വിദ്യ സമ്മതിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടി.
അതേസമയം, അഗളി കേസില്‍ വിദ്യക്ക് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കരിന്തളം കോളജിലെ വ്യാജരേഖ കേസില്‍ നീലശ്വരം പൊലീസിന് മുന്നില്‍ വിദ്യ അടുത്തദിവസം ചോദ്യം ചെയ്യലിന് ഹാജരാവണം. വേണ്ടത്ര രേഖകള്‍ കിട്ടിയതിനാലാണ് വിദ്യയെ കൂടുതല്‍ ഇടങ്ങളിലെത്തിച്ച് തെളിവെടുക്കാത്തതെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. പിടിച്ചെടുത്ത രേഖകള്‍ പൂര്‍ണമായും കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസ് നിരത്തുന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. വിദ്യ ഒരു രേഖയും തയ്യാറാക്കിയിട്ടില്ല. മികച്ച അക്കാദമിക് നിലവാരമുള്ളയാള്‍ എന്തിന് കൃത്രിമം കാണിക്കണം. വിദ്യയെ തകര്‍ക്കാന്‍ മറ്റ് ചിലരുടെ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്ന് അഭിഭാഷകന്‍.
വിദ്യയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം. സാക്ഷികളെ സ്വാധീനിക്കരുത്. കേരളം വിട്ടു പോകരുത്. അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യം എന്നീ നിര്‍ദേശങ്ങള്‍ ജാമ്യ വ്യവസ്ഥയിലുണ്ട്. നീലേശ്വരം പൊലീസ് കരിന്തളം കോളജിലെ വ്യാജരേഖ കേസില്‍ വിദ്യയുടെ അറസ്റ്റിന് അനുമതി തേടിയെങ്കിലും 41 എ പ്രകാരമുള്ള നോട്ടിസ്
കൈമാറി മൂന്നാം ദിവസം നേരിട്ട് സ്‌റ്റേഷനില്‍ ഹാജരാവാനായിരുന്നു കോടതി നല്‍കിയ നിര്‍ദേശം.
കരിന്തളം കോളജില്‍ സമര്‍പ്പിച്ച വ്യാജരേഖ കേസിലാണ് വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുക. തിങ്കളാഴ്ചയോ അടുത്ത ദിവസമോ നോട്ടിസ് പ്രകാരം വിദ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ടെത്തും.