ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ടുപേരുടെ വീടുകള്‍ പൊലീസ് തകര്‍ത്തു. മുബാറക്ക് ഇല്യാസ് തന്ന, ഖാലിദ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇത് പശുക്കടത്തുകാര്‍ക്കുള്ള തങ്ങളുടെ മുന്നറിയിപ്പാണെന്ന് നൂഹ് ജില്ലാ പൊലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ല പറഞ്ഞു. നഗരാസൂത്രണ വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ചാണ് മുബാറക്ക് വീട് നിര്‍മിച്ചതെന്നും പശുക്കടത്ത് കൂടാതെ മോഷണം, കൊള്ള, കവര്‍ച്ച തുടങ്ങി 10 കേസുകളില്‍ മുബാറക്ക് പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഗുരുഗ്രാം, രോഹ്തക്, നൂഹ്, തൗറു സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേ സമയം തന്റെ വീട് എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മിച്ചതാണെന്ന് ഖാലിദ് പറഞ്ഞു. വീട് അനധികൃതമായി നിര്‍മിച്ചതാണെന്ന് കാണിച്ച് മെയ് ഒമ്പതിനാണ് എനിക്ക് നോട്ടീസ് ലഭിച്ചത്. ഇതിനെതിരെ എല്ലാ രേഖകളുമായി കോടതിയെ സമീപിച്ചിരുന്നു. പിതാമഹനാണ് ഈ വീട് നിര്‍മിച്ചത്. പിതാവ് ആറ് മുറികള്‍ കൂട്ടിച്ചേര്‍ത്ത് അത് പുനര്‍നിര്‍മിച്ചു. ഞാന്‍ അതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. വ്യാഴാഴ്ച ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് അവര്‍ വീട് തകര്‍ത്തുകളഞ്ഞതതെന്ന് ഖാലിദ് പറഞ്ഞു.