കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച് മുങ്ങിയ പൊലീസുകാരനെ കണ്ടെത്താനാവാതെ പൊലീസ്. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരന്‍ എവിടെയെന്നതിനെ പറ്റി ഒരു സൂചനയും കിട്ടിയിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പളളി പൊലീസിന്റെ വിശദീകരണം.
പ്രതിയായ പൊലീസുകാരന്‍ ഷിഹാബിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി.വി. ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസുകാരനായ ഷിഹാബിന് പൊലീസിന്റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താന്‍ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.