കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ 2 പേര് അറസ്റ്റില്‍. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമിച്ചത്. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത് അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ വിനീത് സസ്പെന്‍ഷനിലായിരുന്നു. ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടികൊണ്ട് പോകാന്‍ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹന പരിശോധനക്കെന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാര്‍ കൈ കാണിച്ചു നിര്‍ത്തിയത്. കാര്‍ നിര്‍ത്തിയ ശേഷം അക്രമികള്‍ മുജീബിന്റെ കാറില്‍ കയറി കൈയില്‍ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിക്കുകയായിരുന്നു.