തിരുവനന്തപുരം: കേരളത്തില്‍ ചെറുകിട സംരംഭങ്ങള്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത് തട്ടുകടകളും കോഴിക്കടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്ട്രേഷന്‍ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ച് ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ. മുരളീധരന്‍ അടക്കമുള്ളവര്‍ നടത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് തരൂരിന്റെ ലേഖനത്തില്‍ പറയുന്നത്.
ശശി തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നാണ് കെ. മുരളീധരന്‍ പ്രതികരിച്ചത്. തരൂരിന്റേത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന നിലപാടല്ല. ശശി തരൂര്‍ ദേശീയ നേതാവും വിശ്വപൗരനുമാണ്. ഒരു സാധാരണ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തരൂരിന്റെ പ്രസ്താവനയെ വിലയിരുത്താന്‍ താന്‍ ആളല്ലെന്നും കെ. മുരളീധരന്‍ പരിഹസിച്ചു.