തിരുവനന്തപുരം; സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതി അംഗീകരിച്ച സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന വിചിത്രമായ വാദമാണ് അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2016 മുതല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരായ സാമ്പത്തിക, ലൈംഗിക ആരോപണങ്ങള്‍ വ്യാജമാണെന്നും പണം വാങ്ങി നിര്‍മ്മിച്ച കത്തില്‍ നിന്നാണ് അത് തുടങ്ങിയതെന്നുമുള്ള ഗൗരവതരമായ കണ്ടെത്തലാണ് സി.ബി.ഐ റിപ്പോര്‍ട്ടിലുള്ളത്. അതാണ് കോടതി അംഗീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2016ല്‍ അധികാരത്തില്‍ വന്ന് മൂന്നാം ദിവസം പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിന് അവസരം ഒരുക്കിക്കൊടുത്തത് ദല്ലാള്‍ നന്ദകുമാറാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അധികാരത്തില്‍ നിന്നും അവതാരങ്ങളെ മാറ്റി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അധികാരത്തിലെത്തി മൂന്നാം ദിവസമാണ് ദല്ലാള്‍ നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ഇടയ്ക്കിടയ്ക്ക് പണം വാങ്ങി പറയുന്ന ആളുകളുടെ പേരുകള്‍ പരാതിക്കാരി കൂട്ടിച്ചേര്‍ത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗണേഷ് കുമാറിന്റെ പി.എ ജയിലില്‍ പോയി വാങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയെ ഏല്‍പ്പിച്ചു. പിന്നീട് നന്ദകുമാര്‍ 50 ലക്ഷം രൂപ നല്‍കിയാണ് കത്ത് സംഘടിപ്പിച്ചത്. ആ പണം നല്‍കിയത് സി.പി.എമ്മാണ്. പത്ത് കോടി നല്‍കാമെന്ന് നേരത്തെ തന്നെ ജയരാജന്‍ വാഗ്ദാനം നല്‍കിയിരുന്നതാണ്. ആ വ്യജ കത്തിന് പുറത്താണ് അന്വേഷണം നടത്തിയത്. നിരവധി പൊലീസ് സംഘങ്ങള്‍ അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താനായില്ല. എന്നിട്ടും അരിശം തീരാതെയാണ് 20121ലെ തെരഞ്ഞെടുപ്പിന് മുന്‍പ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഈ കത്ത് വ്യാജ നിര്‍മ്മിതിയാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പെടുത്താന്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടിലുള്ള ആ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
റൂള്‍ 285 അനുസരിച്ച് മൂന്ന് ഗുരുതര അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചത്. എ.ഐ ക്യാമറയില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് പി.സി വിഷ്ണുനാഥും ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് സംബന്ധിച്ച് മാത്യൂ കുഴല്‍നാടനും കെ ഫോണിനെ കുറിച്ചുള്ള ആരോപണങ്ങള്‍ റോജി എം. ജോണുമാണ് ഉന്നയിച്ചത്. പക്ഷെ അവ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും സനല്‍കിയത്. ഏഴ് മാസമായി ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാത്ത മുഖ്യമന്ത്രി നിയമസഭയില്‍ അവ്യക്തമായ മറുപടിയെങ്കിലും നല്‍കിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ശത്രുതാമനോഭാവത്തോടെ പ്രതിപക്ഷത്തോടെ പെരുമാറുകയും ചെയ്യുന്ന സര്‍ക്കാരാണിതെന്ന് നാല് വിഷയങ്ങളിലൂടെയും തെളിയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പൊട്ടിത്തെറിയായിരുന്നു മറുപടി. ഇപ്പോള്‍ ആ പൊട്ടിത്തെറിയൊക്കെ പോയി. ദുര്‍ബലമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. വിജിലന്‍സ് കോടതി ചവച്ച് തുപ്പിയ വിഷയമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞങ്ങള്‍ വിജിലന്‍സ് കോടതിയിലൊന്നും പോയിട്ടില്ല. ഇവര്‍ തന്നെയാണ് വിജിലന്‍സ് കോടതിയില്‍ ആളിനെ വിട്ടത്. അതുപോലെ അവര്‍ ഹൈക്കോടതിയിലും പോയിട്ടുണ്ട്. നിലവില്‍ എ.ഐ ക്യാമറ അഴിമതിയിലാണ് യു.ഡി.എഫ് കോടതിയെ സമീപിച്ചിരിക്കുന്നത്. കെ ഫോണ്‍ അഴിമതിയില്‍ കോടതിയെ സമീപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മാസപ്പടി വിഷയത്തില്‍ യു.ഡി.എഫ് നിയപരമായ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും മറുപടിയെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
ഏഴ് വര്‍ഷമാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്. ഉമ്മന്‍ ചാണ്ടി നീതിമാനായിരുന്നെന്ന് ഭരണപക്ഷത്തെ കൊണ്ട് പറയിക്കാന്‍ സാധിച്ചു. ഇന്‍കം ടാക്‌സ് ഇന്ററീം ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് സത്യമാണെങ്കില്‍ എത്ര മോശം ഓഫീസാണ് മുഖ്യമന്ത്രിയുടേതെന്ന് അദ്ദേഹം ചോദിച്ചു.
വിജയനും സതീശനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. നന്ദകുമാര്‍ വന്നാലും നിങ്ങള്‍ വന്നാലും ഞാന്‍ ഇരിക്കാന്‍ പറയും. കടക്ക് പുറത്തെന്ന് ആരോടും പറയില്ല. ഞങ്ങള്‍ രണ്ടു പേരും രണ്ട് ധ്രുവങ്ങളിലാണ്. പിണറായി വിജയനും വി.ഡി സതീശനും തമ്മില്‍ ഒരു താരതമ്യവുമില്ല. സ്വഭാവം കൊണ്ടും രീതി കൊണ്ടും രണ്ട് ധ്രുവങ്ങളിലുള്ളവരാണ്. മതില് മറിച്ചിടുന്നത് പോലുള്ള പിണറായി വിജയന്റെ വര്‍ത്തമാനമായി മാത്രം ഇതിനെ കരുതിയാല്‍ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.