പെരിയ ഇരട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തടയാന്‍ ഒരു കോടിയോളം ചെലവാക്കി സുപ്രീംകോടതി അഭിഭാഷകരെ എത്തിച്ച പിണറായി സര്‍ക്കാര്‍ തീരുമാനമാനമ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാനായിരുന്നു രഞ്ജിത്ത് കുമാര്‍, മനീന്ദര്‍ സിങ്, പ്രഭാസ് ബജാജ് എന്നീ വി.ഐ.പി അഭിഭാഷകരെ സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ മുന്‍ എം.എല്‍.എ അടക്കം 14 സി.പി.എം നേതാക്കളെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരിക്കുകയാണ്.
സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈകോടതിയില്‍ കേസ് നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനമുണ്ടായിരുന്നതിന് പുറമെയാണ് പുറത്തുനിന്നുള്ള അഭിഭാഷകരെ സര്‍ക്കാര്‍ എത്തിച്ചത്. അഭിഭാഷകരെ കൊണ്ടുവരാന്‍ 88 ലക്ഷം രൂപയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഫീസായി നല്‍കി. ഇതിന് പുറമേ സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ വേറെയും തുക ചെലവഴിച്ചു. ആകെ ഒന്നരക്കോടിയോളം രൂപ സര്‍ക്കാറിന് ചെലവായി.
സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍സിങ്ങിനെയും ജൂനിയര്‍മാരെയും 2019 നവംബര്‍ 11നാണ് ഡല്‍ഹിയില്‍ നിന്ന് കേസിന്റെ കാര്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയത്. ബിസിനസ് ക്ലാസില്‍ സഞ്ചരിച്ച അഭിഭാഷകസംഘം കൊച്ചി മറൈന്‍െ്രെഡവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. 2019 ഒക്ടോബറില്‍ 25 ലക്ഷവും നവംബറില്‍ 21 ലക്ഷവും, ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകര്‍ക്കും സഹായികള്‍ക്കുമായി നല്‍കിയത്.
അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി കണ്ടെത്തിയതിന് പിന്നാലെ, പ്രതികളെ രക്ഷിക്കാന്‍ ചെലവഴിച്ച പൊതുഖജനാവിലെ ഒരു കോടിയോളം രൂപ സി.പി.എം സംസ്ഥാന കമ്മിറ്റി സര്‍ക്കാറിലേക്ക് തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നിട്ടും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളോട് ക്ഷമാപണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും 2019 ഫെബ്രുവരി 17നാണ് വെട്ടിക്കൊന്നത്. കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.
ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകള്‍ മഞ്ചേശ്വരത്തു നിന്നും പാറശ്ശാലയില്‍ നിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നായിരുന്നു ഇരക്കൊലപാതകം. രാത്രി 7.35ഓടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വാഹനങ്ങളില്‍ പിന്തുടര്‍ന്ന് രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്.