ദുരന്ത ബാധിതരെയും കൈയ്യൊഴിഞ്ഞ് പിണറായി സര്‍ക്കാര്‍. തുടര്‍ ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിലായിരിക്കുകയാണ് മുണ്ടക്കൈ ദുരന്ത ബാധിതര്‍. ദുരന്ത ബാധിതരെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, അപകട സമയത്ത് നല്‍കിയതല്ലാതെ യാതൊരു സഹായവും തുടര്‍ ചികിത്സക്ക് സര്‍ക്കാര്‍ പിന്നീട് നല്‍കിയില്ല.
ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ഇപ്പോഴും നരകയാതന അനുഭവിക്കുന്നത്. തുടര്‍ചികിത്സക്ക് ഗതിയില്ലാതെ വാടക കെട്ടിടങ്ങളില്‍ വേദന തിന്ന് കഴിയുന്ന ദുരന്തത്തില്‍ പരിക്കേറ്റവരുംനിത്യരോഗികളായി നേരത്തെ ദുരന്തമേഖലയില്‍ കഴിഞ്ഞിരുന്നവരെയും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. അപകടത്തില്‍ പരിക്കേറ്റും നിത്യരോഗികളുമായി 113 പേര്‍ക്ക് തുടര്‍ ചികിത്സ ആവശ്യമുണ്ടെന്നാണ് സ്വകാര്യ സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.
ഇതില്‍ ആശ്രിതര്‍ ദുരന്തത്തില്‍ മരിച്ചവരും ജോലി നഷ്ടപ്പെട്ടവരും കൂട്ടത്തിലുണ്ട്. ആശുപത്രി വാസത്തിനും ക്യാമ്പിലെ ജീവിതത്തിനും ശേഷം വാടകവീടുകളിലേക്ക് മടങ്ങിയ മനുഷ്യര്‍ക്ക് തുടര്‍ചികിത്സയാണിപ്പോള്‍ വെല്ലുവിളി. കാലങ്ങള്‍ നീണ്ടുനില്‍ക്കുന്ന പുനരധിവാസത്തെ കുറിച്ചു പറയുന്നതിനൊപ്പം ഭാരിച്ച ചെലവുള്ള തുടര്‍ചികിത്സക്ക് പദ്ധതി പ്രഖ്യാപിക്കാനോ സഹായം ഉറപ്പാക്കാനോ കൂടി സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.