പിതാവ് ഡോക്ടറാക്കാന്‍മോഹിച്ച് സമൂഹത്തിന്റെ രോഗങ്ങള്‍ക്കുള്ള വിദഗ്ധഭിഷഗ്വരനായി മാറിയ വ്യക്തിത്വത്തിനുടമ. ഏഴരപതിറ്റാണ്ട് പൊതുരംഗത്ത് നിറഞ്ഞുനിന്നിട്ടും ആരോപണത്തിന്റെ കളങ്കമോ അഴിമതിയുടെകറയോ ഏല്‍ക്കാത്ത തൂവെള്ളരാഷ്ട്രീയത്തിനുടമ. തനിക്ക് നല്‍കപ്പെട്ട ദൗത്യത്തില്‍ വിജയിച്ചെന്ന ആത്മവിശ്വാസവും ഇനിയൊന്നും നേടാനില്ലെന്ന സംതൃപ്തിയിലുമാണ് മലയാളികളുടെ കെ. ശങ്കരനാരായണന്‍ വിടവാങ്ങിയിരിക്കുന്നത്.
നീണ്ട 17വര്‍ഷം ഒരുമുന്നണിയുടെ സംസ്ഥാന കണ്‍വീനറാകുക. അതുംകേരളംകണ്ട രാഷ്ട്രീയഅന്തര്‍നാടകങ്ങളുടെയും കയറ്റിറക്കങ്ങളുടെയും വിഷമകാലഘട്ടത്തില്‍. ചില്ലറക്കാര്‍ക്കൊന്നും നിര്‍വഹിക്കാനാകാത്ത ഭാരിച്ചദൗത്യംതന്നെയാണത്. ആ ഭഗീരഥയത്‌നത്തെ പുല്ലുപോലെനിര്‍വഹിച്ച് വിജയിപ്പിച്ച രാഷ്ട്രീയത്തിലെ സമന്വയത്തിന്റെ വക്താവാണ് അന്തരിച്ച ശങ്കരനാരായണന്‍. ബാഫഖി തങ്ങളും കെ.കരുണാകരനും മറ്റുംചേര്‍ന്ന് പടുത്തുയര്‍ത്തിയ കേരളത്തിലെ ഐക്യജനാധിപത്യമുന്നണിയുടെ രണ്ടാംതലമുറനേതാക്കളില്‍ പ്രധാനി. ദേശീയപ്രസ്ഥാനത്തിന്റെയും കോണ്‍ഗ്രസിന്റെയും മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും കളങ്കലേശമേശാത്ത വക്താവും പ്രയോക്താവും. എഴുപതുകളില്‍ രൂപംകൊണ്ട പിളര്‍പ്പിനുശേഷം കോണ്‍ഗ്രസില്‍ സംഘടനാ(ഒ) പക്ഷത്ത് നിലയുറപ്പിച്ച അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്ന ശങ്കരനാരായണന്‍ ജീവിതത്തിന്റെ അന്ത്യംവരെയും ആദര്‍ശനിഷ്ഠമായ രാഷ്ട്രീയജീവിതമാണ് മജ്ജയിലും രക്തത്തിലും കൊണ്ടുനടന്നത്. ആഢ്യത്വത്തോടൊപ്പം തികഞ്ഞവിനയവും മര്യാദയുമായിരുന്നു അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ മറ്റുള്ളവരില്‍നിന്ന് വേറിട്ടുനിര്‍ത്തിയ ഘടകം. ആദര്‍ശം ആപാദചൂഢം കൊണ്ടുനടന്ന അദ്ദേഹം അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ എന്നും നിലയുറപ്പിച്ചു.
കോണ്‍ഗ്രസിലെ ഇന്ദിരാവിരുദ്ധപക്ഷത്ത് നിലയുറപ്പിച്ച അദ്ദേഹത്തെ സെക്രട്ടറിയേറ്റില്‍ ബോംബുവെക്കാന്‍ശ്രമിച്ചെന്ന കുറ്റത്തിന് അടിയന്തിരാവസ്ഥക്കാലത്ത് നീണ്ട രണ്ടുവര്‍ഷത്തോളം ജയിലിലിട്ടത് അദ്ദേഹം ഓര്‍ക്കുകയും പറയുകയുംചെയ്യുമായിരുന്നു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ജയിലില്‍ കിടക്കുമ്പോള്‍ കൂട്ടുണ്ടായിരുന്നത് പിന്നീട് രാഷ്ട്രീയത്തിലെ എതിരാളികളായിരുന്ന ഇ.എം.എസും എ.കെ.ജിയുമായിരുന്നു. മറ്റുപലരെയും വിട്ടയച്ചിട്ടും ശങ്കരനാരായണനെ ജയിലില്‍ പാര്‍പ്പിച്ചതിനുകാരണം അദ്ദേഹത്തിന്റെ മെയ്‌വഴക്കമില്ലായിരുന്നു. എന്നും അത് കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയത്തിലെ എതിരാളികള്‍പോലും സമ്മതിക്കും. മുന്നണിയിലെ മുസ്‌ലിംലീഗിനോടും കേരളകോണ്‍ഗ്രസിനോടും എന്നും പ്രത്യേകമമത പുലര്‍ത്തിയ കോണ്‍ഗ്രസുകാരുടെയും ഘടകക്ഷിനേതാക്കളുടെയും ശങ്കര്‍ജിയെ എതിര്‍രാഷ്ട്രീയക്കാര്‍ക്കുപോലും പ്രിയപ്പെട്ടവനാക്കിയത് അദ്ദേഹത്തിലെ പച്ചമനുഷ്യനെ എല്ലാകാലത്തും വിശ്വസിപ്പിക്കാമെന്നതായിരുന്നു. ചെയ്യാന്‍കഴിയുന്നത് മാത്രം വാഗ്ദാനം ചെയ്തിരുന്ന പ്രകൃതം. പാര്‍ലമെന്ററികാലത്ത് ഇത് ചിലരെ അദ്ദേഹത്തില്‍നിന്നകറ്റിയെങ്കിലും അദ്ദേഹത്തെ മനസിലാക്കിയവര്‍ ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെ നേതൃപദവികളിലും ഗവര്‍ണര്‍പദവികളിലും വിരാജിക്കുമ്പോഴും സാധാരണക്കാരും പഴയസഹപ്രവര്‍ത്തകരുമായി വ്യക്തിപരമായി ആത്മബന്ധം പുലര്‍ത്താന്‍ ശങ്കര്‍ജി പ്രത്യേകംശ്രദ്ധിച്ചു.
1977 മുതല്‍ 2004വരെ മൂന്നുമന്ത്രിസഭകളിലായി മന്ത്രിയും പാലക്കാട് ജില്ലയിലെ നാലുമണ്ഡലങ്ങളില്‍നിന്ന് നാലുതവണ എം.എല്‍.എയുമായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ നേതാക്കളില്‍ മുസ്്‌ലിംലീഗ്‌നേതാവ് സി.എച്ചുമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരിക്കല്‍പറഞ്ഞിട്ടുണ്ട്. സി.എച്ചിനോടൊപ്പം മന്ത്രിയായിരിക്കുന്ന ഘട്ടത്തില്‍ കാബിനറ്റ്‌യോഗങ്ങള്‍ക്ക് പോകുംമുമ്പ് അദ്ദേഹത്തോട് സംശയങ്ങള്‍ ദൂരീകരിച്ചിരുന്നതായി ശങ്കര്‍ജി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മിതഭാഷണം, കുറിക്കുകൊള്ളുന്ന ചിന്താമര്‍മം, അന്യരെഅതിരുവിട്ട് അപഹസിക്കാത്ത നര്‍മബോധം എന്നിവ ശങ്കരനാരായണനെ രാഷ്ട്രീയക്കാരില്‍ വേറിട്ടുനിര്‍ത്തി.
അവസാനകാലത്ത് പാലക്കാട്ട് ശേഖരീപുരത്തെവസതിയില്‍ വിശ്രമിക്കുമ്പോള്‍ എത്താറുള്ള നേതാക്കളോടും സഹപ്രവര്‍ത്തകരോടും മാത്രമല്ല, യുവാക്കളോടും മാധ്യമപ്രവര്‍ത്തകരോടും മുഷിപ്പില്ലാതെ പെരുമാറാന്‍ ശങ്കരനാരായണന്‍ പ്രത്യേകംശ്രദ്ധിച്ചിരുന്നു. നല്ല സല്‍കാരപ്രിയന്‍കൂടിയായിരുന്നു അദ്ദേഹം. ധനമന്ത്രി എന്ന നിലയില്‍ എ.കെ ആന്റണിസര്‍ക്കാരില്‍ ധീരമായ ഭരണനടപടികള്‍ക്ക് ചുക്കാന്‍പിടിച്ച അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ വാളെടുത്തിട്ടും തന്റെ തീരുമാനത്തില്‍നിന്ന് മാറാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കടുത്ത സാമ്പത്തികഅച്ചടക്കം പാലിച്ചാല്‍മാത്രമേ കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂവെന്ന് അദ്ദേഹത്തിലെ ധനകാര്യവിദഗ്ധന്‍ വിശ്വസിച്ചു, അതിനായി പ്രവര്‍ത്തിച്ചു. അഞ്ചുവടക്കുകിഴക്കന്‍സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍പദവി വഹിച്ച വ്യക്തി ഇന്ത്യയില്‍ മറ്റൊരാളില്ല. 2014ല്‍ മിസോറാമിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് മോദിസര്‍ക്കാരിനോട് കലഹിച്ചാണ് അദ്ദേഹം രാജിവെച്ച് വിശ്രമജീവിതത്തിലേക്ക് പോന്നത്. ഒടുവില്‍ മഹാരാഷ്ട്രയുടെ ഗവര്‍ണര്‍കാലത്ത് രാഷ്ട്രീയത്തിലെയും ബിസിനസുകാരിലെയും സിനിമയിലെയും വന്‍തോക്കുകളുമായി സംവദിക്കാനും അടുത്തിടപഴകാനും അദ്ദേഹത്തിന ്കഴിഞ്ഞു.
നല്ല വായനക്കാരായ അദ്ദേഹം പുതിയപുസ്തകങ്ങള്‍ കിട്ടിയാല്‍ അത് വായിച്ചുതീര്‍ത്ത് അഭിപ്രായം തുറന്നുപറയാനും സമയംകണ്ടെത്തി. എ.കെ ആന്റണിയുമായി ഉണ്ടായിരുന്ന പ്രത്യേകമായ മാനസികാടുപ്പം ഇരുവരുടെയും ആദര്‍ശരാഷ്ട്രീയത്തെ വ്യക്തമാക്കുന്നതായി. പിറന്നതും വളര്‍ന്നതും തൃശൂര്‍ ചേലക്കരയിലെ കടീക്കല്‍ തറവാട്ടില്‍ തികച്ചും യാഥാസ്ഥിതികമായ കര്‍ഷക-നായര്‍കുടുംബത്തില്‍നിന്നായിട്ടും ദൈവവിശ്വാസകാര്യത്തിലും മതത്തിന്റെ കാര്യത്തിലും കടുംപിടുത്തം തൊട്ടുതീണ്ടാതിരുന്നു. ക്ഷേത്രദര്‍ശനത്തിലോ ആചാരാനുഷ്ഠാനങ്ങളിലോ അദ്ദേഹത്തിന് അമിതതാല്‍പര്യമില്ലായിരുന്നു. മുസ്്‌ലിംകളാദി ന്യൂനപക്ഷങ്ങളോട് ബി.ജെ.പിയും ആര്‍.എസ്.എസും സ്വീകരിക്കുന്ന നിലപാടുകളോട് തികഞ്ഞ അതൃപ്തിയുണ്ടായിരുന്ന ശങ്കരനാരായണന്‍ ഏറ്റവുമൊടുവില്‍ പൗരത്വഭേദഗതിനിയമത്തിനെതിരെ വിവിധസംഘടനകള്‍ സംഘടിപ്പിച്ച സമരങ്ങളില്‍ മുഖ്യപ്രാസംഗികനായി തന്റെ ജന്മദൗത്യം ഉയര്‍ത്തിപ്പിടിച്ചു. ശാരീരികമായി ഏറെ അവശതകളുണ്ടായിരുന്നിട്ടും കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെയുള്ള ജില്ലകളില്‍ സെമിനാറുകളിലും പാര്‍ട്ടി, ഘടകക്ഷിയോഗങ്ങളിലും അദ്ദേഹം ഓടിനടന്ന് പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചിന്തയും ചിരിയും ജനം നന്നായി ആസ്വദിക്കുമായിരുന്നു. ശങ്കരനാരായണനില്ലാതെ പൊതുപരിപാടികളില്ലെന്ന അവസ്ഥയിലായിരുന്നു അവസാനകാലത്ത് മിക്ക രാഷ്ട്രീയസന്നദ്ധസംഘടനകളുടെയും യോഗങ്ങള്‍. പാലക്കാട്ട് കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും നേതാക്കള്‍ എത്തുമ്പോഴെല്ലാം അദ്ദേഹത്തെ ചെന്നുകാണുന്നത് ഒരുശീലമായി. സന്ദര്‍ശനത്തിനിടെ എന്തെങ്കിലും കാര്യമായ ഉപദേശംലഭിക്കുമെന്ന അറിവായിരുന്നു അതിന് കാരണം. നീണ്ട ജൂബയും പിന്നില്‍കൈകെട്ടിയുള്ള നില്‍പും അര്‍ത്ഥഗര്‍ഭമായ മൂളലും ചിരിയുമായിരുന്നു അദ്ദേഹത്തിന്റെ വേറിട്ടവ്യക്തിത്വം.
മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഈലേഖകനോട് അദ്ദേഹംകാട്ടിയ വാല്‍സല്യവും സ്‌നേഹവും ഗുരുതുല്യമായിരുന്നു. ചന്ദ്രികയോട് അദ്ദേഹം എന്നും മമതകാട്ടിയിരുന്നു. മുഖപ്രസംഗങ്ങളും വാര്‍ത്തകളും അതിലെ ഭാഷാഭംഗിയും വിലയിരുത്തി അഭിപ്രായംഅറിയിക്കാനും അദ്ദേഹം പ്രത്യേകശ്രദ്ധപുലര്‍ത്തിയിരുന്നു. മഹിളാചന്ദ്രികയുടെ പ്രചാരണപരിപാടിയുടെ ഉദ്ഘാടനത്തിന് ശാരീരികവിഷമതകള്‍മറന്നും കാസര്‍ക്കോട്ടെത്തി. ഗവര്‍ണര്‍, മന്ത്രി, യു.ഡി.എഫ് കണ്‍വീനര്‍, നിയമസഭാപ്രതിനിധി, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍, കോണ്‍ഗ്രസ്‌നേതാവ് തുടങ്ങിയനിലകളില്‍ പ്രശോഭിച്ച ഏഴരപതിറ്റാണ്ടുനീണ്ട അപൂര്‍വരാഷ്ട്രീയവ്യക്തിത്വത്തിനുടമയായ ശങ്കരനാരായണന്റെ വിയോഗം കേരളത്തിന്റെ പുതുതലമുറക്ക് വലിയനഷ്ടമാണെന്നതില്‍ സംശയമില്ല. രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കുള്ള വലിയപാഠപുസ്തകമാണ് വിടപറഞ്ഞിരിക്കുന്നത്. 1946ല്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ ആരംഭിച്ച് 2020 നവംബര്‍17ന് മധ്യാഹ്നത്തില്‍ ഓര്‍മനഷ്ടപ്പെടുംവരെ നീണ്ടുനിന്ന 88 വയസ്സുവരെയുള്ള സംഭവബഹുലവും ആദര്‍ശനിബദ്ധവുമായ ഒരുകാലഘട്ടത്തിന്റെ അന്ത്യവും.