ഡല്‍ഹിയിലെ ഷകരര്‍പൂരില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ പിടിയില്‍. യുവതി വീട്ടിലില്ലാത്ത സമയത്ത് പ്രതി കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. കരണ്‍ എന്ന യുവാവാണ് പിടിയിലായത്. വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതാണ് ഒളിക്യാമറ കണ്ടെത്താന്‍ കാരണമായത്.
കരണിന്റെ വീട്ടുടമസ്ഥയിലുള്ള വാടകവീട്ടിലാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി താമസിച്ചിരുന്നത്. യുവതി ഒറ്റയ്ക്കാണ് വാടകവീട്ടില്‍ താമസിക്കുന്നത്. തൊട്ടടുത്ത നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയുടെ മകനായ കരണിനെ താക്കോല്‍ ഏല്‍പ്പിച്ച് യുവതി നാട്ടില്‍ പോയിരുന്നു. എന്നാല്‍ പ്രതി യുവതിയുടെ മുറിയില്‍ കയറി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.
തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ ലിങ്ക്ഡ് ഡിവൈസസില്‍ തന്റേതല്ലാത്ത മറ്റൊരു ലാപ്‌ടോപ്പ് ലിങ്ക് ചെയ്തതായി യുവതി കണ്ടെത്തി. ഇതോടെ യുവതി മുറിയില്‍ തിരച്ചില്‍ നടത്തിയതോടെയാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ടതത്. കുളിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ സ്ഥാപിച്ചത് കണ്ടെത്തിയ യുവതി ഉടനെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിലും ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാട്ടില്‍ പോയപ്പോള്‍ യുവാവിനെ താക്കോല്‍ ഏല്‍പ്പിച്ച കാര്യം യുവതി പൊലീസിനോട് പറയുന്നത്. ചോദ്യം ചെയ്യലില്‍ കരണ്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ അടങ്ങിയ ലാപ്‌ടോപ്പും മെമ്മറി കാര്‍ഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.