കോഴിക്കോട്: മുഖ്യ ആഹാരമായ പുഴുങ്ങലരി ലഭിക്കാതെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നതായി പരാതി. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ മിക്ക പ്രദേശങ്ങളിലും മാസങ്ങളായി തുടര്‍ച്ചയായി പച്ചരിയാണ് വിതരണം ചെയ്യുന്നത്. റേഷന്‍ കടയില്‍ പുഴുങ്ങലരിയുടെ അഭാവം മൂലം ഇടത്തരം കുടുംബങ്ങള്‍ പുഴുങ്ങലരിക്ക് പൊതു മാര്‍ക്കറ്റുകളേയാണ് ആശ്രയിക്കുന്നത്. ഇത് ദിനംപ്രതി അരിയുടെ വില ഉയരാന്‍ കാരണമായിട്ടുണ്ട്. ഇത്തരം കുടുംബങ്ങള്‍ റേഷന്‍ പച്ചരി വാങ്ങുന്നതിലും പിന്നോട്ട് പോയി.
നീല, വെള്ള കാര്‍ഡുകാരാണ് ഏറ്റവും അധികം റേഷന്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോക്കം പോയിട്ടുള്ളത്. കഴിഞ്ഞ മാസം സാധാരണ റേഷനുപുറമേ സ്പഷല്‍ റേഷന്‍ കൂടി ഉണ്ടായിട്ട് പോലും 80 ശതമാനത്തിനു താഴെയാണ് റേഷന്‍ വിതരണം നടന്നത്. തുടര്‍ച്ചയായി പച്ചരി മാത്രമായി വിതരണം ചെയ്യുന്നത് കൊണ്ട് വില്‍പ്പന കുറയുന്നത് കാരണം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന അലോട്ട്‌മെന്റിലും കുറവ് വരുത്താന്‍ കാരണമായി.
സംസ്ഥാനത്തെ ജനങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പുഴുങ്ങലരി 70 ശതമാനവും ബാക്കി 30 ശതമാനം പച്ചരിയും വിതരണം ചെയ്യുന്ന വിധത്തില്‍ വിതരണം ക്രമീകരിക്കുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണമെന്ന് ആവശ്യമുയരുന്നു. സംസ്ഥാനത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക് വേണ്ടി ജനപ്രതിനിധികളായ എം.പി, എം. എല്‍.എ.മാരുടെയും സഹകരണം ഉണ്ടാവണമെന്ന് ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവര്‍ ആവശ്യപ്പെട്ടു.