തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ മുസ്വല്ല വിരിച്ച് ഗസ്സയിലെ ജനങ്ങള്‍. ഇസ്രാഈല്‍ ആക്രമണവും ഉപരോധവും തുടരുന്നതിനിടെ യുദ്ധം തകര്‍ത്തെറിഞ്ഞ വടക്കന്‍ ഗസ്സയിലും ഖാന്‍ യൂനുസിലും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ ജനങ്ങള്‍. പുതുവസ്ത്രവും ഭക്ഷണവുമില്ലാതെയായിരുന്നു പലരുടെയും പെരുന്നാള്‍ ദിനം.
കണ്ണീരും ദുരിതത്തിനുമിടയിലും പെരുന്നാള്‍ ദിനത്തില്‍ സന്തോഷം കണ്ടെത്തുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍. തകര്‍ന്ന തെരുവിലൂടെ കൂട്ടമായി നടന്ന് തക്ബീര്‍ മുഴക്കി പെരുന്നാളാഘോഷിക്കുകയാണവര്‍. പ്രദേശത്തെ താത്കാലിക തമ്പുകളില്‍ കുട്ടികള്‍ക്കായി ഉമ്മമാര്‍ പെരുന്നാള്‍ മധുരമൊരുക്കി. എന്നാല്‍, പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രാഈല്‍. കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ റഫയ്ക്ക് സമീപം കരയാക്രമണം രൂക്ഷമാണ്.