X

അവിവേകത്തിൻ്റെ പാത മുസ്ലിം ലീഗിൻ്റേതല്ല ; സമാധാന നയം അഭംഗുരം തുടരുക തന്നെ ചെയ്യും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

അവിവേകത്തിൻ്റെയും അതിവൈകാരികതയുടെയും പാതയല്ല ലീഗിൻ്റേതെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ.

മുക്കാൽ നൂറ്റാണ്ടായി തുടരുന്ന മുസ്ലിം ലീഗിൻ്റെ സമാധാനത്തിൻ്റെ പാത അഭംഗുരം തുടരുമെന്ന് തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നടന്ന റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യത്തിൻ്റെ പശ്ചാത്തലത്തിലാണ് തങ്ങളുടെ പ്രസ്താവന.

പൂർണ രൂപം:

നമുക്കൊരു സംസ്‌കാരമുണ്ട്. വ്യക്തിത്വമുണ്ട്. അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമുണ്ട്. എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. അത് ശരിയുമല്ല.

ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകർ എന്ന നിലക്കും ഓരോരുത്തർക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ നമുക്ക് അധികാരമില്ല. സാമൂഹിക സഹവർത്തിത്വമാണ് വളർച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോൾ എല്ലാവർക്കും നഷ്ടം സംഭവിക്കും.

വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവർത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉൾക്കൊള്ളണം. പ്രവർത്തികളിൽ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണം. വ്യക്തിത്വം പുലർത്തണം.

ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവർ മൂഢസ്വർഗ്ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോൽപിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികൾ കേരളത്തിന്റെ മണ്ണിൽ വളരാത്തതിന് കാരണം നമ്മുടെ സ്‌നേഹവും സഹവർത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിംലീഗിന്റെ ചരിത്രം ആർക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാൾക്കും അതെടുത്ത് വായിക്കാം. അതിൽ ദുരൂഹതകളില്ല. ദുർഗ്രാഹ്യതകളില്ല. മുസ്‌ലിംലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവർക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

webdesk14: