രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ ജയിച്ചത് വര്‍ഗീയവാദികളുടെ പിന്തുണയോടെയെന്ന പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. പാര്‍ട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞത്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വര്‍ഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ശ്രീമതി പറഞ്ഞു.
”വിജയരാഘവന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞെന്ന് കരുതുന്നില്ല. ഞാനും അവിടെയുണ്ടായിരുന്നു. കേരളത്തിലും വര്‍ഗീയവാദികള്‍ തലപൊക്കുന്നുണ്ട്. അത്തരം തീവ്രവാദ, വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും കേരളത്തില്‍ അനുവദിക്കില്ല. അത് ഹിന്ദു വര്‍ഗീയവാദി ആയാലും മുസ്‌ലിം വര്‍ഗീയ വാദി ആയാലും അനുവദിക്കില്ല. അതിനെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിക്കുക. അതിന് യാതൊരു സംശയവുമില്ലെന്ന് പി.കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.